തിരുവനന്തപുരം : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് നവരാത്രി വിഗ്രഹങ്ങൾ തമിഴ്നാട്ടിലേക്കു മടങ്ങി. രാവിലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. മണ്ഡപത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ സാന്നിദ്ധ്യത്തിൽ ദീപാരാധന നടത്തിയശേഷം കോട്ടവാതിലിലൂടെ പുറത്തിറങ്ങിയ പദ്മനാഭപുരം കൊട്ടാരത്തിലെ സരസ്വതീദേവി ആനപ്പുറത്തേറി യാത്ര തിരിച്ചു. തമിഴ്നാട് കുമാരകോവിൽ മാനേജർ മോഹൻകുമാർ ദേവിയുടെ ഉടവാളുമായി അകമ്പടി സേവിച്ചു. ഘോഷയാത്ര ആര്യശാല ജംഗ്ഷനിലെത്തിയപ്പോൾ ആര്യശാല ദേവീക്ഷേത്രത്തിൽ നിന്നു കുമാരസ്വാമിയും ചെന്തിട്ട ദേവീക്ഷേത്രത്തിൽ നിന്നു മുന്നൂറ്റിനങ്കയും ഒപ്പംചേർന്നു. കിള്ളിപ്പാലം ജംഗ്ഷനിലെത്തിച്ചേർന്ന ഘോഷയാത്രയ്ക്ക് സർക്കാരും ടൂറിസംവകുപ്പും നവരാത്രി ആഘോഷ കമ്മിറ്റിയും ചേർന്ന് ഔദ്യോഗിക യാത്രഅയപ്പ് നൽകി. കേരള പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സജിൻ തട്ടപൂജ നൽകി. ഒ. രാജഗോപാൽ എം.എൽ.എ, കൗൺസിലർമാരായ ആർ.സി. ബീന, കരമന അജിത്, ട്രസ്റ്റ് ചെയർമാൻ മാണിക്യം, പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, സെക്രട്ടറി എസ്.ആർ. രമേഷ്, ജോയിന്റ് സെക്രട്ടറി വിക്രമൻ, എക്സിക്യൂട്ടിവ് അംഗം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തങ്ങിയ ഘോഷയാത്ര ഇന്ന് രാവിലെ ഇവിടെ നിന്നു യാത്ര തിരിക്കും. രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വിശ്രമിക്കും. നാളെ രാവിലെ വീണ്ടും യാത്ര തുടങ്ങി വൈകിട്ടോടെ പദ്മനാഭപുരം കൊട്ടാരത്തിലെത്തും. ആറാട്ടിന് ശേഷം സരസ്വതിദേവിയെ മണ്ഡപത്തിലേക്ക് ആനയിക്കും. തുടർന്ന് ഉടവാൾ ഉപ്പിരിക്ക മാളികയിലെ കാരണവർക്ക് കൈമാറും. ശേഷം കുമാരസ്വാമി കുമാരകോവിലിലേക്കും മുന്നൂറ്റിനങ്ക ശുചീന്ദ്രത്തേക്കും യാത്ര തുടരും. കുമാരസ്വാമി രാത്രിയോടെയും മുന്നൂറ്റിനങ്ക ബുധനാഴ്ച പുലർച്ചെയും എത്തിച്ചേരും. സെൻട്രൽ ടൂറിസം വകുപ്പ് ഘോഷയാത്രയ്ക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചതെന്ന് ട്രസ്റ്റ് സെക്രട്ടറി എസ്.ആർ. രമേഷ് അറിയിച്ചു.