തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോടതി വിധി മറികടക്കാൻ സംസ്ഥാനം നിയമനിർമ്മാണം നടത്തണമെന്ന ബി.ജെ.പി പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ വാദം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസ് ഇറക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ബി.ജെ.പി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 252 പ്രകാരം സംസ്ഥാനം പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകുവെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. അത് ശരിയല്ല. വിവധ സംസ്ഥാനങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണത്തെ കുറിച്ചാണ് ഈ ആർട്ടിക്കിൾ. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്നമാണ്. ഭരണഘടനയുടെ കൺകറന്റ് പട്ടികയിലെ ഇനം 22 ലാണ് മതപരമായ കാര്യങ്ങൾ വരുന്നത്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിച്ച സാഹചര്യത്തിൽ നിയമ നിർമ്മാണം കേരളത്തിന് സാധ്യമല്ല. ഇത് മറച്ചുവച്ചാണ് ശ്രീധരൻ പിള്ള സംസാരിക്കുന്നത്. അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുന്നത് ഭരണഘടനയെ മറന്നാണ്.
നപുംസകം എന്ന പരാമർശം ശ്രീധരൻപിള്ള നടത്തിയത് ദൗർഭാഗ്യകരവും വേദനയുണ്ടാക്കുന്നതുമാണ്. അതേ രീതിയിൽ മറുപടി പറയുന്നില്ല.
ബി.ജെ.പിയും സി.പി.എമ്മും കാട്ടുന്ന കള്ളക്കളിയാണ് പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നത്. രാഷ്ട്രീയം കളിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ഇറങ്ങാത്തത്. ബി.ജെ.പിയും സി.പി.എമ്മും നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. സർക്കാർ എരിതീയിൽ എണ്ണ ഒഴിക്കുന്നു. ശബരിമലയിൽ ഇപ്പോൾ സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദിത്തം സർക്കാരിനാണ്. കരുതലോടെ സർക്കാർ പ്രവർത്തിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണം. പൊലീസ് വിവേകമില്ലാതെ പ്രവർത്തിക്കുന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കി. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും അവഹേളിക്കുന്നത് മന്ത്രിമാർ അവസാനിപ്പിക്കണം. മന്ത്രിമാരുടെ പ്രസ്താവനകളും പ്രസംഗങ്ങളും വിഷയങ്ങൾ കൂടുതൽ വഷളാക്കുന്നു. ശബരിമല വിഷയത്തിൽ ശക്തമായ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സോളാർ കേസിന്റെ നിറവും മണവും പോയിട്ട് നാളേറെയായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല, ബ്രൂവറി വിഷയങ്ങളിൽ മുഖം നഷ്ടപ്പെട്ടപ്പോഴാണ് സോളാർ കേസ് വീണ്ടും കൊണ്ടുവന്ന് രാഷ്ട്രീയ എതിരാളികളെ നേരിടാമെന്ന് സി.പി.എമ്മും ഗവൺമെന്റും കണക്കുകൂട്ടുന്നത്. അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.