ഷാർജ: നവകേരള നിർമ്മിതിക്കായി യു.എ.ഇയിൽ നിന്ന് 300 കോടിയോളം രൂപ സമാഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ലോക കേരളസഭാ അംഗങ്ങളാണ് ധനസമാഹരണം നടത്തേണ്ടത്. അടുത്ത വർഷം ജൂൺ 30നകം ഫണ്ട് സമാഹരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
അഞ്ചു ദിവസത്തെ യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ രാത്രി നാട്ടിലേക്കു തിരിച്ചു.
ലോകത്തെ പ്രമുഖ പോർട്ട് മാനേജ്‌മെന്റ് കമ്പനിയായ ഡി.പി വേൾഡ് അധികൃതരുമായും ദുബായിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
കൊച്ചിയിൽ ലോജിസ്റ്റിക്‌സ് പാർക്ക് വികസിപ്പിക്കാൻ ഡി.പി വേൾഡ് താത്പര്യമറിയിച്ചു. ഉൾനാടൻ ജലഗതാഗത മേഖലയിലും ഡി.പി വേൾഡ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജലപാതയിൽ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്താനാണ് തീരുമാനം. 2020ൽ ജലമാർഗ്ഗ ചരക്കുനീക്കം സാധ്യമാക്കാനാണ് ശ്രമം.
അഴീക്കൽ അടക്കമുള്ള ചെറുകിട തുറമുഖങ്ങളും വികസിപ്പിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.