മാഡ്രിഡ് / ടൂറിൻ : ഇറ്റാലിയൻ സെരി എ ക്ളബ് യുവന്റസിലേക്ക് കുടിയേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കാഡിന്റെ ചിറകിലേറിയപ്പോൾ ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിക്ക് പരിക്കിന്റെ തിരിച്ചടി.
കഴിഞ്ഞരാത്രി ജെനോവയ്ക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ടോപ് 5 യൂറോപ്യൻ ലീഗുകളിൽ 400 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി മാറിയത്. എന്നാൽ, മത്സരത്തിൽ യുവന്റസ് 1-1ന് സമനില വഴങ്ങുകയായിരുന്നു.
മത്സരത്തിന്റെ 18-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുവന്റസാണ് സ്കോർ ബോർഡ് തുറന്നത്. തുടർന്നും നിരവധി അവസരങ്ങൾ ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. 67-ാം മിനിട്ടിൽ ഡാനിയേൽ ബെസ്സയിലൂടെ ജെനോവ സമനില പിടിക്കുകയും ചെയ്തു. ഈ സീസൺ സെരി എയിൽ യുവന്റസിന് വിജയിക്കാൻ കഴിയാത്ത ആദ്യ മത്സരമാണിത്. ഒൻപത് കളികളിൽ നിന്ന് 25 പോയിന്റുമായി യുവന്റസാണ് സെരി എയിൽ ഒന്നാം സ്ഥാനത്ത്.
സ്പാനിഷ് ലാലിഗയിൽ സെവിയ്യയെ 4-2ന് കീഴടക്കിയ മത്സരത്തിലാണ് മെസിക്ക് പരിക്കേറ്റത്. രണ്ടാം മിനിട്ടിൽ ഫിലിപ്പ് കുടിഞ്ഞോയുടെ ബാഴ്സലോണ മുന്നിലെത്തിയിരുന്നു. 12-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ. 16-ാം മിനിട്ടിൽ പന്തിനായി ഉയർന്നു ചാടുന്നതിനിടെ നിലത്തുവീണാണ് മെസിക്ക് പരിക്കേറ്റത്. പ്ളേയിംഗ് ഫീൽഡിന് പുറത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ 26-ാം മിനിട്ടിൽ മെസിക്ക് പകരം ഡെംബലെയെ ഇറക്കേണ്ടി വന്നു. മൂന്നാഴ്ചയോളം മെസിക്ക് കളിക്കാനാവില്ലെന്നാണ് പ്രാഥമിക നിഗമനം. 63-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലൂയിസ് സുവാരേസും 83-ാം മിനിട്ടിൽ ഇവാല റാക്കിട്ടിച്ചുമാണ് ബാഴ്സയുടെ മറ്റ് ഗോളുകൾ നേടിയത്.
മെസിയും ക്രിസ്റ്റ്യാനോയുമില്ലാതെ എൽക്ളാസിക്കോ
മെസി പരിക്കുമൂലം മൂന്നാഴ്ച കളിക്കില്ലെന്ന് ഉറപ്പായതോടെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷം മെസിയും ക്രിസ്റ്റ്യാനോയുമില്ലാത്ത സ്പാനിഷ് ലാലിഗ എൽ ക്ളാസിക്കോയ്ക്ക് കളമൊരുങ്ങി. അടുത്തയാഴ്ചയാണ് റയൽ മാഡ്രിഡും ബാഴ്സയും തമ്മിലുള്ള എൽക്ളാസിക്കോ മത്സരം. ക്രിസ്റ്റ്യാനോ റയൽ വിട്ട് യുവന്റസിലേക്ക് കൂടുമാറിയിരുന്നു. 2007നു ശേഷമുള്ള എൽക്ളാസിക്കോകളെ ആകർഷണീയമാക്കിയത് മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും സാന്നിദ്ധ്യമായിരുന്നു. ഈ ആഴ്ചത്തെ ചാമ്പ്യൻസ് ലീഗ് മത്സരവും മെസിക്ക് നഷ്ടമാകും.
400
യൂറോപ്പിലെ അഞ്ച് ടോപ് ലീഗുകളിൽ 400 ഗോൾ തികയ്ക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ.
84 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി, 311 ഗോളുകൾ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനു വേണ്ടി, 5 ഗോളുകൾ യുവന്റസിന് വേണ്ടി