ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ടുവിക്കറ്റിന് വെസ്റ്റിൻഡീസിനെ തകർത്തു
വിരാട് കൊഹ്ലിക്കും (140)
രോഹിത് ശർമ്മയ്ക്കും (152) നോട്ടൗട്ട് സെഞ്ച്വറികൾ
ഗോഹട്ടി : ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഏകദിനത്തിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഗോഹട്ടിയിൽ സെഞ്ച്വറികളുമായി ഇരട്ടക്കൊടുങ്കാറ്റായി വിശീയടിച്ച വിരാട് കൊഹ്ലിക്കും രോഹിത് ശർമ്മയ്ക്കും (152 നോട്ടൗട്ട്) മുന്നിൽ ആദ്യ മത്സരത്തിൽ തകർന്നു വീണു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 322/8 എന്ന സ്കോർ 42.1 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ഷിമ്രോൺ ഹെട്ബയറുടെ സെഞ്ച്വറിയും (106), കീറൺ പവലിന്റെ (51) അർദ്ധ സെഞ്ച്വറിയും നൽകിയ കരുത്തിലാണ് വിൻഡീസ് 322 റൺസ് നേടിയത്. എന്നാൽ, കൊഹക്ലിയുടെയും രോഹിത്തിന്റെയും പടയോട്ടത്തിന് മുന്നിൽ ഇതൊരു സ്കോറേ ആയിരുന്നില്ല. രണ്ടാം ഓവറിൽ 10/1 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന ഇരുവരും 30 ഓവറുകളിൽ നിന്ന് 246 റൺസ് അടിച്ചെടുത്ത് വിജയം അത്യുജ്ജ്വലമാക്കി മാറ്റി. കൊഹ്ലി 107 പന്തുകൾ നേരിട്ട് 21 ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി തന്റെ 36-ാം സെഞ്ച്വറി ആഘോഷിച്ചപ്പോൾ രോഹിത് 117 പന്തുകളിൽ 15 ബൗണ്ടറികളും എട്ട് സിക്സുകളും പറത്തി ടോപ് സ്കോററായി മാറി. 33-ാം ഓവറിൽ കൊഹ്ലി പുറത്തായശേഷം ഇറങ്ങിയ അമ്പാട്ടി റെയ്ഡു 26 പന്തിൽ ഓരോ ഫോറും സിക്സുമടക്കം 22 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ അല്പം പതർച്ച സംഭവിച്ചെങ്കിലും പിന്നീട് താളത്തിലേക്ക് എത്തുകയായിരുന്നു. അഞ്ചാം ഒാവറിൽ ടീം സ്കോർ 19 ൽ നിൽക്കേ ഒാപ്പണർ ഹേംരാജ് (9) പുറത്തായശേഷമാണ് റൺറേറ്റ് ഉയരാൻ തുടങ്ങിയത്. 15 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികൾ പായിച്ച ഹേംരാജിനെ മുഹമ്മദ് ഷമി ക്ളീൻ ബൗൾഡാക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച കിരൺ പവലും (51), ഷായ് ഹോപ്പും (32) ചേർന്ന് കൂട്ടിച്ചേർത്തത് 63 റൺസാണ്. 15-ാം ഒാവറിൽ അർദ്ധസെഞ്ച്വറി തികച്ച് പവൽ മടങ്ങുമ്പോൾ വിൻഡീസ് ടീം സ്കോർ 84 ൽ എത്തിയിരുന്നു. പകരമിറങ്ങിയ പരിചയ സമ്പന്നനായ മർലോൺ സാമുവൽസിന് (0) പക്ഷേ ദരിദ്രനായി മടങ്ങേണ്ടിവന്നു. 16-ാം ഒാവറിൽ ചഹലിന്റെ പന്തിൽ എൽ.ബി.ഡബ്ള്യു.വിൽ കുരുങ്ങുകയായിരുന്നു സാമുവൽസ്. തുടർന്ന് ഹെട്മെയർ കളത്തിലേക്കെത്തി.
ഒരുവശത്ത് കോട്ടപോലെ ഉറച്ചുനിന്ന് പെരുതുകവായിരുന്നു ഷിപ്രോൺ ഹെട്മെയറെന്ന 22 കാരൻ പിന്നീട് വലിയ സ്കോറുകൾ ഉയർത്താനായില്ലെങ്കിലും ഹെട് മെയറിന് മികച്ച പിന്തുണ നൽകി. മദ്ധ്യനിരയും വാലറ്റവും തകർത്തതോടെയാണ് വിൻഡീസ് സ്കോർ 300 കടന്നത്. 22-ാം ഒാവറിൽ ഹോപ്പിനെ (32) ധോണിയുടെ കൈയിലെത്തിച്ച് ഷമി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് ആഘോഷിച്ചു.
തുടർന്ന് ക്രീസിലെത്തിയ റോവ്മാൻ പവൽ 23 പന്തുകളിൽ നാല് ബൗണ്ടറികളടക്കം 22 റൺസ് നേടി റൺറേറ്റ് ഉയർത്തുന്നതിൽ പങ്ക് വഹിച്ചു. ഒൻപതോവർ മാത്രം ഹെട്മെയെർക്ക് ഒപ്പമുണ്ടായിരുന്ന റോവ്മാൻ 74 റൺസിന്റെ കൂട്ടുകെട്ടിലാണ് പങ്കാളിയായത്. റോവ്മാന് പകരമെത്തിയ ക്യാപ്ടൻ ജാസൺ ഹോൾഡറും (38) പതറാതെ ബാറ്റ് വീശിയതോടെ വിൻഡീസ് 40 ഒാവറിന് മുമ്പ് 250 നടുത്തെത്തി.
ടീം സ്കോർ 248 ൽ വച്ചാണ് ഹെട്മെയർ പുറത്താകുന്നത്. രവീന്ദ്ര ജഡേജയെ ഉയർത്തിയടിക്കാൻ നോക്കിയ ഹെട്മെയറെ ഋഷഭ് പന്ത് ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് ആഷ്ലി നഴ്സിനെയും (2) ഹോൾഡറെയും ചഹൽ ഖുറത്താക്കിയതോടെ വിൻഡീസ് 43.2 ഒാവറിൽ 278/8 എന്ന നിലയിലായി. പക്ഷേ അവസാന 40 പന്തുകളിൽ 44 റൺസ് കൂട്ടിച്ചേർത്ത് ദേവേന്ദ്ര ബിഷുവും (22 നോട്ടൗട്ട്) , കെമർ റോഷും (26 നോട്ടൗട്ട്) ടീം സ്കോർ 322/8 ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഒാവറിൽത്തന്നെ ഒാപ്പണർ ശിഖർ ധവാനെ നഷ്ടമായി. ആറ് പന്തുകൾ നേരിട്ട് നാല് റൺസെടുത്ത ധവാനെ ഒഷാനെ തോമസ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 10/1 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്ടൻ കൊഹ്ലിയും രോഹിത് ശർമ്മയും ചേർന്ന് താളംവീണ്ടെടുത്തു. രോഹിത് മോശം പന്തുകൾ തിരഞ്ഞെടുത്ത് ശിക്ഷിച്ചപ്പോൾ കൊഹ്ലി തകർത്താടുകയായിരുന്നു. 16-ാം ഒാവറിൽ ഇന്ത്യ 100 കടന്നെങ്കിൽ കൊഹ്ലി അതിനുമുന്നേ അർദ്ധസെഞ്ച്വറി കടന്നിരുന്നു. അർദ്ധസെഞ്ച്വറിയിലെത്തുന്നതുവരെ 10 ബൗണ്ടറികളാണ് കൊഹ്ലി പറത്തിയത്.
അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ബുധനാഴ്ച വിശാഖ പട്ടണത്ത് നടക്കും.