sat

ഉള്ളൂർ: സമൂഹമാദ്ധ്യമങ്ങളിൽ എസ്.എ.ടി ആശുപത്രിയിൽ ഒരു ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകും. തിരുവനന്തപുരത്തെ ഒരു കോർപറേറ്റ് ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്ന ഫാത്തിമ എന്ന ഗർഭിണിയായ യുവതിയെ സ്വമേധയാ ഡിസ്ചാർജ് വാങ്ങി എ ടി ആശുപത്രിയിലെത്തിച്ചത് സെ്ര്രപംബർ 18 ന് വൈകിട്ട് 6.30ന് ആയിരുന്നു.ഗർഭസ്ഥശിശുവിന്റെ അവസ്ഥ മോശമായതിനെത്തുടർന്ന് ഓപ്പറേഷൻ വേണമെന്നും കുഞ്ഞിന് ജീവഹാനി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചതിനെത്തുടർന്നായിരുന്നു ഇത്. എസ്.എ.ടിയിലെ പരിശോധനയിൽ കുഞ്ഞിന്റെ അന്നനാളത്തിലെ വളർച്ചാക്കുറവ് മനസ്സിലായിരുന്നു. കുഞ്ഞിന് ഒരു കിലോ ഭാരം മാത്രമേയുള്ളൂ . പൂർണ്ണ വളർച്ചയെത്താത്ത കുട്ടിക്ക് ശ്വാസകോശത്തിന്റെ വളർച്ച പൂർത്തിയാക്കാൻ വേണ്ടിയുള്ള ഇഞ്ചക്ഷൻ എടുത്തു..ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ ശ്വാസകോശത്തിലെ വളർച്ച പൂർത്തിയാക്കാൻ സമയം നൽകേണ്ടതുണ്ട്. എന്നാൽ അടുത്ത ദിവസം ഉച്ചയോടെ അമ്മയിൽ ഗർഭസ്ഥശിശുവിനെ സംരക്ഷിക്കുന്ന ഫ്ളൂയിഡ് പൊട്ടിപ്പോവുകയും കുഞ്ഞ് മരിക്കുകയും ചെയ്തു.അമ്മയുടെ പൂർണ്ണ സമ്മതത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.


ഭർത്താവിന്റെ അഭ്യർത്ഥനയെ തുടർന്ന് 24 ന് വച്ചിരുന്ന ഡിസ്ചാർജ്ജ് ഒരു ദിവസം കൂടിനീട്ടി. അന്ന് രാത്രി കുറച്ച് ആളുകളുമായി ആശുപത്രിയിൽ വരികയും തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണം ഓപ്പറേഷൻ തക്കസമയത്ത് നടക്കാതിരുന്നത് കൊണ്ടാണെന്നാരോപിച്ച് ആശുപത്രിയിൽ പ്രശ്നങ്ങളുണ്ടാക്കി.ഈ വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ സമയത്ത് തന്റെ ഭാര്യയോട് ഡോക്ടർമാരും ഗ്രേഡ് 2 സ്റ്റാഫുകളും മോശമായാണ് പെരുമാറിയത് എന്നും ഇപ്പോൾ ആരോപിക്കുകയാണ്.

5 ദിവസം കഴിഞ്ഞ ശേഷം പരാതി പറഞ്ഞ് അർദ്ധരാത്രിയിൽ ആൾക്കാരെ കൂട്ടി വന്നു ബഹളം വച്ചത് ആശുപത്രിയുടെ സൽപേരിനു കളങ്കം വരുത്താൻ മനപ്പൂർവ്വം കരുതിക്കൂട്ടി നടത്തിയ പദ്ധതിയാണെന്ന് അധികൃതർ പറയുന്നു.. ഫാത്തിമയ്ക്ക് ഒരു രീതിയിലും ഉള്ള ചികിത്സ പിഴവുകളും വന്നിട്ടില്ല എന്ന് ഫാത്തിമയെ ചികിത്സിച്ച യൂണിറ്റ് ചീഫ് ഡോ.ശൈല അറിയിച്ചു. സൗഹൃദപരമല്ലാത്ത പെരുമാറ്റം സ്റ്റാഫിൽ നിന്നും ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല എങ്കിലും രോഗികളോടും കൂട്ടിരിപ്പുകാരോടും സ്‌നേഹപൂർവ്വം പെരുമാറാൻ പരിശീലനം നൽകുമെന്നും.. എസ് എ ടി സൂപ്രണ്ട് ഡോ.എ സന്തോഷ് കുമാർ അറിയിച്ചു.