വടകര: വളയത്ത് സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.25നും രണ്ടുമണിക്കുമായിരുന്നു സംഭവം. അക്രമത്തിൽ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളയം കക്കുടുക്കയിൽ ചാപ്പുമുക്കിൽ ബാബു, മാരാൻ വീട്ടിൽ കുമാരൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമമുണ്ടായത്.
ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകളാണ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. രാത്രി 11.25ന് ഇടവഴിയിലൂടെ നടന്നു വന്ന സംഘമാണ് ബാബുവിന്റെ വീടിന് ബോംബെറിഞ്ഞതെന്ന് പറയുന്നു. കിടപ്പുമുറി ലക്ഷ്യമാക്കിയാണ് ബോംബെറിഞ്ഞതെങ്കിലും വീടിന്റെ സൺഷേഡിൽ വീണ് പൊട്ടുകയായിരുന്നു. സ്ഫോടനത്തിൽ സൺഷേഡ് ഭാഗികമായി തകർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കുമാരന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കുമാരന്റെയും കിടപ്പുമുറിക്കു നേരെയാണ് ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ തകർന്ന ജനൽച്ചില്ലുകൾ ശരീരത്തിൽ തറച്ച് കുമാരന്റെ ഭാര്യക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ രാഷ്ട്രീയ ആക്രമണങ്ങൾ നടന്നുവരുന്നതിന്റെ തുടർച്ചയാണ് സംഭവങ്ങളെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വളയം പൊലീസ് അറിയിച്ചു. കുഴപ്പങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം വളയം ലോക്കൽ സെക്രട്ടറി എം. ദിവാകരൻ പറഞ്ഞു.