comfort

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് ലക്ഷങ്ങൾ മുടക്കി പണി കഴിപ്പിച്ച കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. സംസ്ഥാന പാതയിലെ കിളിമാനൂർ ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റിയ ശേഷം കിളിമാനൂരിൽ എത്തുന്ന യാത്രക്കാർക്കും കച്ചവടക്കാർക്കും ഒരാശ്വാസവും പഞ്ചായത്തിന് ഒരു വരുമാനമാർഗവുമായിരുന്നു പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനകത്തെ ഈ കംഫർട്ട് സ്റ്റേഷൻ. എന്നാൽ അശാസ്ത്രീയമായ നിർമ്മാണവും ജല ലഭ്യത കുറവും കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിച്ചു. സ്ത്രീകളും വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതവും സ്വകാര്യതയും ഉറപ്പുവരുത്താൻ കഴിയാത്തത് കംഫർട്ട് സ്‌റ്റേഷന്റെ മറ്റൊരു പോരായ്മയായി.സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ പകൽ സമയങ്ങളിൽ ഇവിടെയിരുന്നു മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

പെൺകുട്ടികളെ ശല്യം ചെയ്യാൻ ലക്ഷ്യമിട്ട് ബസ് സ്റ്റാൻഡിൽ എത്തുന്ന പൂവാലൻമാരുടെ താവളവും ഇതുതന്നെ. സ്കൂൾ വിടുന്ന സമയത്തും അല്ലാതെയും പൊലീസ് സ്റ്റാൻഡിനകത്ത് റോന്തു ചുറ്റാറുണ്ടങ്കിലും കംഫർട്ട് സ്റ്റേഷനിൽ പതുങ്ങിയിരിക്കുന്ന ഇവരെ പലപ്പോഴും കാണാറും ഇല്ല.

ദിവസേന നൂറോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന, നിരവധി വ്യാപാര വ്യാവസായ സ്ഥാപനങ്ങളും സ്കൂളുകളും ഉള്ള കിളിമാനൂരിൽ ഏക ആശ്രയമായിരുന്ന കംഫർട്ട് സറ്റേഷൻ പ്രവർത്തന യോഗ്യമാക്കി ഒരു ജീവനക്കാരനെ നിയമിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

വഴിതെറ്റി വിദ്യാർത്ഥികൾ

സ്കൂൾ യൂണിഫോമും ധരിച്ച് സ്കൂളിലേക്ക് എന്ന വ്യാജേന ഇവിടെയെത്തി ബാഗിൽ കരുതിയിരിക്കുന്ന കളർ ഡ്രസ് മാറി സ്കൂളിൽ പോകാതെ കുട്ടികൾ ഇവിടെയിരുന്നു പുകവലിക്കുന്നതും പതിവ് കാഴ്ചയാണെന്ന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്നവർ പറയുന്നു