നെയ്യാറ്റിൻകര: സൗത്ത് ഏഷ്യൻ ഡ്രോപ്പ് റോബോൾ ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായത് സഹോദരങ്ങൾ. നേപ്പാളിൽ ഇക്കഴിഞ്ഞ ഒൻപതു മുതൽ 12 വരെ നടന്ന മത്സരത്തിൽ ഇൻഡ്യൻ ടീമിലെ അംഗങ്ങളായിരുന്ന നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അവന്തിക വെള്ളിയും അരുമാനൂർ എം.വി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അശ്വിൻ വെങ്കലവും കരസ്ഥമാക്കി. ഡ്രോപ്പ് റോബോളിൽ പരിശീലനം തുടങ്ങിയിട്ട് ഒരു വർഷമേയായുള്ളൂ. പക്ഷെ, ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുവർക്കും സാധിച്ചു. ചണ്ഡീഗഡിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ഇവർ തിളങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ നെയ്യാറ്റിൻകര ഫോർട്ട് പൊറ്റവിള വീട്ടിലെ ജി.എം. സുഗുണന്റെയും പേട്ട ഹോർട്ടികോർപ്പിലെ ജീവനക്കാരി എസ്. മായയുടെയും മക്കളാണ് ഇരുവരും. സഹോദരി എസ്.എം. ഡ്രോപ്പ് റോബോൾ കേരള ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കോച്ചുമായ പ്രേംകുമാറാണ് മുഖ്യപരിശീലകൻ. കേരള ടീമിന്റെ മാനേജറും പുതിച്ചൽ ഗവ. യുപിഎസ്സിലെ അധ്യാപകനും ഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമായ രവീന്ദ്രൻ, നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സിന്ധു എന്നിവരും പരിശീലനം നൽകുന്നുണ്ട്. സൗത്ത് ഏഷ്യൻ ഡ്രോപ്പ് റോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും ഏഴു പേർക്ക് ഇൻഡ്യൻ ടീമിൽ ഇടം ലഭിച്ചു. ഈ താരങ്ങളെല്ലാം മെഡൽ നേട്ടത്തിന് അർഹരായിരുന്നു. ഗവ.മോഡൽ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഗൗരീശങ്കർ, നെയ്യാറ്റിൻകര ഗേൾസ് സ്കൂളിലെ ഗായത്രി, കൊല്ലം ശാസ്താംകോട്ട സ്കളിലെ പ്ലസ് വൺ വിദ്യാർത്ഥി അൻസിൽ എന്നിവരാണ് മറ്റ് ജേതാക്കൾ. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിച്ചേർന്ന അശ്വിനേയും അവന്തികയേയും രക്ഷിതാക്കളും നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശശികല, അധ്യാപിക സിന്ധു, പുഞ്ചക്കരി സുരേന്ദ്രൻ, മുഹിനുദ്ദീൻ, കെ. വിനോദ്സെൻ എന്നിവർ സ്വീകരണം നൽകി.