തിരുവനന്തപുരം: ശബരിമലയിലെ മാസപൂജയുടെ അവസാനദിനമായ ഇന്ന് പൊലീസിനെ ഉപയോഗിച്ച് സംഘർഷം ഉണ്ടാക്കുന്നതിനായി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് എം.എസ്.കുമാർ പറഞ്ഞു. ഇത്രയും നാളും സന്നിധാനത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരെ ഇന്ന് രാവിലെ അവിടെ നിന്നും ഒഴിപ്പിച്ചത് സംഘർഷ കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കുന്നതിനു വേണ്ടിയാണെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഏതെങ്കിലും യുവതിയ സന്നിധാനത്ത് എത്തിക്കാനായി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നും മറ്റും സി.പി.എം പ്രവർത്തകരേയും ശബരിമലയിലേക്കുള്ള പാതയിൽ എത്തിച്ചിട്ടുണ്ട്. ഏതു വിധേനയും യുവതിയെ എത്തിച്ച ശേഷം അവിടെ എതിർപ്പുമായി നിൽക്കുന്ന ഭക്തരെ തല്ലിച്ചതയ്ക്കാനാണ് പൊലീസിന്റെ പദ്ധതി. യുദ്ധസമാനമായ സാഹചര്യങ്ങളിൽ പോലും നിർഭയരായി ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർ പെട്ടെന്ന് സന്നിധാനം വിട്ടതും ദൗർഭാഗ്യകരമായിപ്പോയിയെന്നും കുമാർ പറഞ്ഞു.