f

വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിജയദശമി ക്വിസ് മത്സരം നടന്നു. 'ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും' എന്നതായിരുന്നു വിഷയം. ജി. നാരായണൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കായുള്ള മത്സരത്തിൽ ജില്ലാതലത്തിലെ ഇരുപത്തിയഞ്ച് സ്കൂളുകളിൽ നിന്ന് അൻപത് കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം കല്ലറ ഗവ. ഹൈസ്കൂളിലെ അഖിലാദേവ്.യു, അഭിറാം.എസ് എന്നിവരും രണ്ടാം സ്ഥാനം വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അശ്വിൻ വി.ജെ. സൗരവ്.എസ്.എസ് എന്നിവരും കരസ്ഥമാക്കി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഗ്രന്ഥശാല അംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഫയർമാൻ കൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സർക്കിൾ ഇൻസ്പെക്ടർ സജി, ഡോ. ബിന്ധ്യ എന്നിവരെ ആദരിച്ചു. ഡി.കെ. മുരളി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പ്രസാദ് പി. അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എസ്. ഷാജിയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനനും, ക്വിസ് മത്സരവിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി കീഴായിക്കോണം അജയനും അവാർഡുകൾ വിതരണം ചെയ്തു. ഗീത ആശംസ പറഞ്ഞു. ഗ്രന്ഥശാലാ സെക്രട്ടറി ബിജു സ്വാഗതവും സി. അനിൽകുമാർ നന്ദിയും പറഞ്ഞു.