തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്റാലയം സെക്രട്ടറി ഡോ.എം. രാജീവൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ് ഡയറക്ടർ ജനറൽ ഡോ. കെ.ജെ. രമേഷും ചടങ്ങിൽ സംബന്ധിക്കും.
അഹമ്മദാബാദ്, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവിൽ ഇത്തരംകേന്ദ്രങ്ങൾ ഉള്ളത്.കേരളം, കർണ്ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമർദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നൽകുക. ചെന്നൈയിലെ ഏര്യാ സൈക്ലോൺ വാണിംഗ് സെന്ററിന് കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക.
ചുഴലിക്കാറ്റുണ്ടാകുന്നവേളയിൽ കപ്പലുകളെ സംബന്ധിക്കുന്ന കാലാവസ്ഥാ അറിയിപ്പുകൾ, തുറമുഖങ്ങൾക്കും, മത്സ്യത്തൊഴിലാളികൾക്കുമുള്ള മുന്നറിയിപ്പുകൾ,വ്യോമ ഗതാഗതത്തിനുള്ള കാലാവസ്ഥാ വിവരങ്ങൾ, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ മുതലായവ ഈകേന്ദ്രം നൽകും.