വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനും, അടിക്കടി അരങ്ങേറുന്ന അക്രമസംഭവങ്ങളും,മോഷണവും തടയുന്നതിനുമായി സ്ഥാപിച്ചിരുന്ന സി.സി.ടി.വി.കാമറകൾ പ്രവർത്തനരഹിതമായിട്ട് വർഷം ഒന്നുകഴിഞ്ഞു. അപ്പർ സാനിറ്റോറിയം,ഗസ്റ്റ്ഹൗസ്,പൊലീസ് സ്റ്റേഷൻ,കെടി.‌‌ഡി.സി പരിസരങ്ങളിലായി 12കാമറകളാണ് ഉള്ളത്. നാല് വർഷത്തോളം കാമറക്കണ്ണുകൾ സജീവമായി പ്രവർത്തിച്ചു.ഇതോടെ പൊന്മുടിയിലും പരിസരത്തും,നിരന്തരം അരങ്ങേറിയിരുന്ന അക്രമസംഭവങ്ങൾ തടയുവാനും,അക്രമികളെ പിടികൂടുവാനും മദ്യപസംഘങ്ങളെ അമർച്ച ചെയ്യാനും പൊലീസിന് എളുപ്പത്തിൽ സാധിച്ചിരുന്നു.

ഇടിമിന്നലേറ്റതിനെ തുടർന്നാണ് കാമറകൾ കേടായത്. കാമറകൾ കണ്ണടച്ചതറിഞ്ഞതോടെ അക്രമികളും മോഷ്ടാക്കളും തലപൊക്കിയിട്ടുണ്ട്. അടുത്തിടെ നെതർലൻഡ് സ്വദേശിനിയുടെ അമ്പതിനായിരം രൂപ വിലയുള്ള മൊബൈൽഫോൺ മോഷണം പോയെങ്കിലും പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.കാമറകൾ മിഴിയടച്ചതോടെ പൊലീസിനും,ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയംഗങ്ങൾക്കും പിടിപ്പതു പണിയായി. മുക്കിലും,മൂലയിലും വരെ ശ്രദ്ധ പതിക്കേണ്ട അവസ്ഥയാണ് നിലവിൽ.

കാമറകൾ നന്നാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിനൽകിയെങ്കിലും അധികാരികൾ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം. ഒന്നര ലക്ഷത്തോളം രൂപയാണ് കാമറകൾ നന്നാക്കുവാൻ വേണ്ടത്.

കാമറ പ്രവർത്തനക്ഷമമാക്കണം

പൊന്മുടിയിൽ അരങ്ങേറുന്ന മോഷണവും,അക്രമങ്ങൾക്കും തടയിടുന്നതിനായി എത്രയുംപെട്ടെന്ന് സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന് പൊൻമുടി സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.