pinarayi-vijayan-

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സഹായം തേടി വിദേശരാജ്യങ്ങളിൽ പോകാൻ മന്ത്രിമാർക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് സംസ്ഥാനത്തിന് എതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിദേശയാത്ര യാചിക്കാനായിരുന്നില്ല, നാടിന്റെ ഭാഗമായ സഹോദരങ്ങളെ കാണാനായിരുന്നു. അവരുടെ സഹായത്തോടെ പുതിയ കേരളം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്ത് അടിസ്ഥാനത്തിലാണ് അനുമതി നൽകാത്തത്?. കേരളത്തോട് എന്താണ് പ്രത്യേക നിലപാട്? മുട്ടാപ്പോക്ക് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്രസർക്കാർ. കേരളത്തെ തകർക്കുന്നനിലപാടാണിത്.-യു.എ.ഇയിൽ നിന്ന് തിരച്ചെത്തിയശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ അനുകൂല പ്രതികരണമാണുണ്ടായത്. ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ ലോകമെങ്ങുമുള്ള ഗുജറാത്തികൾ സഹായിച്ചതും ഫൗണ്ടേഷനുകളുടെ സഹായം സ്വീകരിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ ചർച്ചയിൽ മന്ത്രിമാരുടെ വിദേശസന്ദർശനത്തിന് അനുമതി നൽകുമെന്ന പ്രതീതിയാണുണ്ടായത്. ചൊവ്വാഴ്ച രാത്രിവരെ ആ പ്രതീക്ഷയായിരുന്നു. അനുമതി ലഭിക്കാതായതോടെ ചീഫ് സെക്രട്ടറി കേന്ദ്രഉദ്യോഗസ്ഥരെ വിളിച്ചു. ആദ്യം മറുപടി പറഞ്ഞവർ പിന്നീട് ഫോൺ എടുക്കാതായി. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാമെന്ന് ചീഫ്സെക്രട്ടറി നിർദ്ദേശം വച്ചെങ്കിലും ഫലമുണ്ടാവില്ലെന്നുറപ്പായിരുന്നു.

ബി.ജെ.പി നേതാവ് പറഞ്ഞത് സർക്കാർ യാചിക്കാൻ പോവുകയാണെന്നായിരുന്നു. നാടിനുവേണ്ടി നമ്മുടെ സഹോദരന്മാരെ കാണാനാണ് പോയത്. വിദേശമലയാളികൾ കേരളത്തെ സഹായിക്കാൻ തയ്യാറാണ്. മന്ത്രിമാർ ഒരുമിച്ച് വിദേശത്ത് പോയാലും ഒന്നും സംഭവിക്കാനില്ല. രാജ്യത്ത് ദുരന്തമുണ്ടായിടത്തെല്ലാം സഹായം ഒഴുകിയെത്തിയിട്ടുണ്ട്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഭൂകമ്പമുണ്ടായപ്പോൾ മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചു. എന്നിട്ടാണ് കേരളം അങ്ങനെ ചെയ്യരുതെന്ന് പറയുന്നത്. മറ്റുരാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ കഴിഞ്ഞാൽ വലിയതുക ലഭിക്കുമായിരുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് ബി.ജെ.പി ഒരു പങ്കും വഹിച്ചിട്ടില്ല. നാടിനെ തകർക്കുന്ന അവരുടെ സമീപനം വെല്ലുവിളിയായി ജനം ഏറ്റെടുക്കണം. നമുക്ക് നാട് പുനർനിർമ്മിച്ചേ മതിയാവൂ. കേന്ദ്രനിലപാടിനെതിരെ ജനാധിപത്യവിശ്വാസികൾ ശബ്ദമുയർത്തണമെന്നും തെറ്റായ സമീപനം മാദ്ധ്യമങ്ങൾ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു.