cbi

വേലിതന്നെ വിളവു തിന്നാൻ തുടങ്ങിയാൽ എന്ന പഴമൊഴി ഒാർമ്മിപ്പിക്കുന്നതാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയുടെ തലപ്പത്തുണ്ടായിരിക്കുന്ന അരുതാത്തതും ലജ്ജാകരവുമായ കാര്യങ്ങൾ. സി.ബി.ഐയിൽ ഡയറക്ടർ കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന കോഴക്കേസിൽ വിചാരണ നേരിടാൻ പോവുകയാണ്. മാംസ കയറ്റുമതി ബിസിനസ് നടത്തുന്ന ഒരാളിൽനിന്ന് ഇടനിലക്കാർവഴി മൂന്നുകോടിയോളം രൂപ കോഴവാങ്ങി എന്നതാണ് അസ്താനയ്ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. അസ്താനയ്ക്ക് പുറമേ സി.ബി.ഐയിലെ തന്നെ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും ദുബായിലെ ഒരു നിക്ഷേപ കമ്പനി ഉടമയും സഹോദരനും കേസിൽ കൂട്ടുപ്രതികളാണ്. സി.ബി.ഐ തലപ്പത്ത് മാസങ്ങളായി നടന്നുവന്ന ശീതസമരത്തിന്റെ തുടർച്ചയാണ് സ്പെഷ്യൽ ഡയറക്ടർക്കെതിരെ എടുത്ത അഴിമതിക്കേസ് എന്ന വ്യാഖ്യാനവുമുണ്ട്.

ഡയറക്ടർ അലോക് വർമ്മയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള കുടിപ്പകയും കടുത്ത വ്യക്തിവൈരാഗ്യവുമാണ് സി.ബി.ഐയുടെ പ്രതിച്ഛായയെത്തന്നെ കളങ്കപ്പെടുത്തിയ സംഭവത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. അസ്താനയെ സ്പെഷ്യൽ ഡയറക്ടറായി നിയമിക്കുന്നതിനെതിരെ അലോക് വർമ്മ തുടക്കംമുതലേ ആകാവുന്ന തടസ്സങ്ങളെല്ലാം സൃഷ്ടിച്ചിരുന്നു. മോശം ഒൗദ്യോഗിക റിക്കാർഡുള്ള അസ്താന സി.ബി.ഐയ്ക്ക് അവമതി വരുത്തുമെന്ന് ഉന്നത അധികാര കേന്ദ്രങ്ങൾക്കെല്ലാം വർമ്മ പരാതികളും നൽകിയിരുന്നു. ഡൽഹി പൊലീസ് കമ്മിഷണറായിരിക്കെ അസ്താനയുടെ ദുർവൃത്തികളെക്കുറിച്ച് തനിക്ക് നല്ലപോലെ അറിയാമെന്നതായിരുന്നു പരാതികൾക്കാധാരം. എന്നാൽ കേന്ദ്രവിജിലൻസ് കമ്മിഷണർ അടക്കം എല്ലാ കേന്ദ്രങ്ങളും വർമ്മയുടെ പരാതി തള്ളിയതോടെയാണ് കഴിഞ്ഞവർഷം ഒക്ടോബറിൽ അസ്താനയെ സ്പെഷ്യൽ ഡയറക്ടറായി നിയമിച്ചത്. അതുമുതൽ വർമ്മയും അസ്താനയും തമ്മിൽ പോരുതുടങ്ങുകയും ചെയ്തു.

അസ്താനയ്ക്കെതിരായി ചാർജ് ചെയ്യപ്പെട്ട അഴിമതിക്കേസിന്റെ ഭാവി എന്തുതന്നെയായാലും അത് ഗൗരവമേറിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പ്രധാനം. രാജ്യത്ത് അഴിമതി തടയാൻ സ്ഥാപിക്കപ്പെട്ട ഒരു അന്വേഷണ ഏജൻസിയുടെ തലവന്മാരിലൊരാൾ തന്നെ അഴിമതിക്കുറ്റത്തിന് പിടിയിലാകുമ്പോൾ അത് നൽകുന്ന സന്ദേശമെന്താണ്? കേസന്വേഷണത്തിലെ പിഴവുകളുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസുകൾ തന്നെ ഇല്ലാതാക്കുന്നതിന്റെയും പേരിൽ ധാരാളം ആരോപണങ്ങൾ കേൾക്കാറുള്ള സി.ബി.ഐയും അഴിമതിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നുമാലോകരെ ബോദ്ധ്യപ്പെടുത്തുകയാണ് ഇവിടെ. ഒപ്പംതന്നെ രാജ്യത്ത് അർബുദം പോലെ പടർന്നുകയറിയിരിക്കുന്ന അഴിമതിയുടെ വേരുകൾ എത്ര മാത്രം ശക്തമാണെന്നും അത് കാട്ടിത്തരുന്നു. ഉദ്യോഗസ്ഥന്മാർക്കിടയിലെ അഴിമതിക്കാരെ കണ്ടുപിടിക്കാനും തെളിയാത്ത കേസുകൾ തെളിയിക്കാനും ചുമതലപ്പെട്ട സി.ബി.ഐയുടെ മേധാവിതന്നെ കൈക്കൂലി കേസിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുന്നതിലെ നാണക്കേട് ആ സ്ഥാപനത്തെ മൊത്തം ബാധിക്കുന്നതാണ്.

സി.ബി.ഐയുടെ അഡിഷണൽ ഡയറക്ടർ പദവിയും കുറച്ചുനാൾ ഡയറക്ടറുടെ ചാർജും വഹിച്ചിട്ടുള്ള രാകേഷ് അസ്താനയെ ഇപ്പോഴത്തെ ഡയറക്ടർ അലോക് വർമ്മ മനഃപൂർവ്വം കേസിൽ കുടുക്കി പക വീട്ടുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട് എന്നാൽ എല്ലാ തെളിവുകളും ശേഖരിച്ച് ആവശ്യമായ തയ്യാറെടുപ്പുമായിത്തന്നെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നതെന്നാണ് സി.ബി.ഐയുടെ നിലപാട്. കയറ്റുമതി ബിസിനസുകാരിൽനിന്ന് ഇടനിലക്കാർവഴി പലപ്പോഴായി കോഴ കൈപ്പറ്റിയതിന്റെ തെളിവുകളുമായാണ് സ്പെഷ്യൽ ഡയറക്ടർക്കെതിരെ അഴിമതി നിരോധന വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളതെന്നും അവർ വ്യക്തിമാക്കിയിട്ടുണ്ട്. ഏതായാലും സി.ബി.ഐ തലപ്പത്ത് മാസങ്ങളായി നടന്നുവരുന്ന ചേരിപ്പോര് അറിഞ്ഞിട്ടും അതിന് പരിഹാരം കാണാൻ ഭരണ നേതൃത്വത്തിൽ നിന്ന് ഇടപെടലുകളൊന്നുമുണ്ടായില്ലെന്നതാണ് ഏറെ വിചിത്രം. സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് എടുത്ത സ്ഥിതിക്ക് അതിന്റെ വിചാരണ നീതിയുക്തമായി നടക്കുമെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത കേന്ദ്ര സർക്കാരിന്റേതാണ്.

ഉന്നതന്മാർ ഉൾപ്പെടുന്ന വൻ കുംഭകോണ കേസുകളിലെ സി.ബി.ഐ അന്വേഷണം എങ്ങനെയൊക്കെയാണ് അവസാനിക്കാറുള്ളതെന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. സി.ബി.ഐയുടെ സൽപ്പേരുതന്നെ കളങ്കപ്പെടുത്തിയ നിരവധി കേസുകളുണ്ട്. എന്നാൽ ഏജൻസിയുടെ തലവന്മാരിലൊരാൾതന്നെ കൈക്കൂലി കേസിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ ആരും മൂക്കത്ത് വിരൽവച്ചുപോകും. അഴിമതിക്കും കൈക്കൂലിക്കും വകഭേദങ്ങളൊന്നുമില്ലെന്ന കേവല സത്യം കൂടിയാണ് വെളിപെടുന്നത്. സ്ഥാനമഹിമ കൂടുന്തോറും നൽകുന്ന കോഴയുടെ വലിപ്പവും കൂടും എന്നേയുള്ളൂ. കള്ളന്മാരെ കണ്ടുപിടിക്കേണ്ടവർതന്നെ കള്ളം കാണിക്കാൻ തുടങ്ങിയാൽ രാജ്യത്ത് അഴിമതി എങ്ങനെ ഇല്ലാതാകും?