mullapalli-ramachandran
MULLAPALLI RAMACHANDRAN

  1. തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇതുവരെയുള്ള മൃദു നിലപാട് തിരുത്തി പ്രത്യക്ഷസമരത്തിനിറങ്ങാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. വിശ്വാസികൾക്കൊപ്പമാണെന്ന മുൻ നിലപാട് വേണ്ടത്ര ജനങ്ങളിലേക്കെത്തിയില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. വർഗീയത തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നവംബർ 15ന് പത്തനംതിട്ടയിൽ സംഗമിക്കുന്ന നാല് രാഷ്ട്രീയ കാൽനടപ്രചാരണജാഥകൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരനും ആലപ്പുഴയിൽ നിന്ന് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനും തൃശൂരിൽ നിന്ന് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും തൊടുപുഴയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ജാഥ നയിക്കും. ജാഥ തുടങ്ങുന്ന തീയതി പിന്നീട് നിശ്ചയിക്കും. തിരുവനന്തപുരം ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആലപ്പുഴ ജാഥ കെ.സി. വേണുഗോപാൽ എം.പിയും തൃശൂർ ജാഥ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തൊടുപുഴ ജാഥ എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടിയും ഉദ്ഘാടനം ചെയ്യും.

ലക്ഷം പേരെ അണിനിരത്തി

പ്രതിഷേധയോഗം 15ന്

15ന് പത്തനംതിട്ടയിൽ ലക്ഷം പേരെ അണിനിരത്തി നടത്തുന്ന പ്രതിഷേധയോഗം പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ ആറ് മലബാർ ജില്ലകളിലായി വാഹനപ്രചാരണജാഥയും നടത്തും.

അടിയന്തര നിയമസഭാസമ്മേളനം കൂടണം

യുവതീപ്രവേശന വിധി മറികടക്കാൻ നിയമനിർമ്മാണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും അതിന് നിയമസഭ വിളിക്കണമെന്നും രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു. വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്രത്തിന്റെ ചുമതലയായതിനാൽ നിയമസഭ വിളിക്കേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനാണ് രാഷ്ട്രീയകാര്യസമിതിയുടെ തിരുത്ത്. ബി.ജെ.പി സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. അക്രമാസക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകില്ലെന്ന നിലപാടിൽ മാറ്റമില്ല.

മുഖ്യമന്ത്രിക്കെതിരെ നിയമനടപടി ആലോചിക്കും

വിധിയുടെ മറവിൽ സവർണ, അവർണ വേർതിരിവുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നാരോപിച്ച്, അദ്ദേഹത്തിനെതിരെ നിയമനടപടി ആലോചിക്കാൻ രാഷ്ട്രീയകാര്യസമിതിയിൽ ധാരണയായി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ആരോപണം. നിയമവിദഗ്ദ്ധരുമായി ഇക്കാര്യം ആലോചിക്കും. ബി.ജെ.പിക്ക് അസ്ഥിവാരമുണ്ടാക്കാൻ ശബരിമലയിൽ സ്ഥിതി ആളിക്കത്തിക്കുകയാണെന്നും ദേവസ്വംബോർഡിനെ രാഷ്ട്രീയചട്ടുകമാക്കുകയാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി ആരോപിച്ചു.