p-k-kunjalikutti-mp
P K KUNJALIKUTTI MP

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകാത്തതാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്ക്ലബിന്റെ 'മീറ്റ് ദ പ്രസിൽ' പറഞ്ഞു.

ശബരിമലയിൽ സുപ്രീകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് കുറച്ചുകൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നു. രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. മലകയറാനെത്തിയ യുവതിയുടെ പശ്ചാത്തലം അന്വേഷിക്കേണ്ടതായിരുന്നു. സമുദായ സൗഹാർദത്തിന് മാതൃകയായ പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ശബരിമല സംഘർഷഭൂമിയാക്കിയതിൽ ഇടതുപക്ഷത്തിനും ബി.ജെ.പിക്കും പങ്കുണ്ട്. ഗാന്ധിയൻ മാർഗത്തിലൂടെ വിശ്വാസികൾക്കൊപ്പം നിൽക്കുകയെന്ന യു.ഡി.എഫിന്റെ നയമാണ് ശരി. ഇതിനിടയിൽ പ്രളയാനന്തര കേരളത്തിനായുള്ള 'നവകേരള നിർമ്മിതി' എങ്ങും എത്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത വീണ്ടും പീഡന പരാതി നൽകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഇതൊക്കെ കെട്ടിച്ചമച്ചതാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസിലാകുമെന്നും, കെട്ടിച്ചമച്ച പരാതികൾ സംസ്ഥാന സ‌ർക്കാർ തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതെങ്ങനെയെന്ന് യു.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.