കല്ലറ: പാങ്ങോട് പഞ്ചായത്തിലെ പൊതുശ്മശാനം യാഥാർത്ഥ്യമാകാൻ ഇനി എത്രനാൾ കൂടി കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. പൊതുശ്മശാനത്തിനായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ സ്ഥലം കാട് പിടിക്കുമ്പോൾ വീടുകൾ പൊളിച്ച് മൃതദേഹങ്ങൾ അടക്കേണ്ട അവസ്ഥയിലാണ് സാധുക്കൾ. പഞ്ചായത്തിൽ നാല്പപതിനായിരത്തിലധികം ജന സംഖ്യയുണ്ടെങ്കിലും ഒരു പൊതു ശ്മശാനമെന്ന ആവശ്യം ഇനിയം യാഥാർത്ഥ്യമായിട്ടില്ല. ശ്മശാനത്തിനായി പഞ്ചായത്ത് മൂന്ന് വർഷം മുമ്പ് എക്സ് സർവീസ് മെൻ കോളനി വാർഡിലെ ഏഴുകടിയിൽ 40 സെന്റ് വസ്തു വാങ്ങിയിരുന്നു. എന്നാൽ ഭൂമി ഇടപാടിൽ അഴിമതി നടന്നുവെന്ന് ആരോപണം ഉയർന്നതോടെ അന്വേഷണങ്ങളും ഒപ്പം നിയമ കുരുക്കുകളുമായി ശ്മശാനത്തിന്റെ നിർമ്മാണം അവതാളത്തിലായി.
അന്നത്തെ ഭരണകക്ഷയിലെയും പ്രതിപക്ഷത്തിലെയും ചില മെമ്പർമാർ ചേർന്നാണ് ശ്മശാനത്തിനുള്ള വസ്തു കണ്ടെത്തി വാങ്ങിയതെന്നും മാർക്കറ്റ് വിലയുടെ പതിൻ മടങ്ങ് നൽകിയാണ് ശ്മശാനത്തിന് വസ്തു വാങ്ങിയിരുന്നതെന്നുമായിരുന്നു ആരോപണങ്ങൾ.
പഞ്ചായത്ത് കമ്മിറ്റി അറിയാതെയാണ് ശ്മശാന ഭൂമി ഇടപാടുകൾ നടന്നിരുന്നതെന്ന് ആരോപിച്ച് ഒരുവിഭാഗം പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് കമ്മിറ്റി ബഹിഷകരിച്ചിരുന്നു. അഴിമതി ആരോപണവും അതിന്റെ പേരിലുണ്ടായ നിയമക്കുരുക്കുകളിലും പെട്ടതോടെ ശ്മശാനത്തിന്റെ നിർമ്മാണം അനന്തമായി നീളുകയാണ്. തുണ്ട് ഭൂമികളിൽ വീടുകൾ വച്ച് താമസിക്കുന്നവരാണ് പഞ്ചായത്തിലെ ജനസംഖ്യയിൽ നല്ലൊരു ഭാഗവും . കുടുംബത്തിലൊരാൾ മരിച്ചുപോയാൽ അവരുടെ വിയോഗത്തേക്കാൾ ബന്ധുക്കളെ അലട്ടുന്നത് മൃതദേഹം എവിടെ അടക്കും എന്ന ചിന്തയാണ്. മരിച്ചവരെ വീടിന്റെ മുറികളിലും, അടുക്കളക്കുള്ളിലും മറവ് ചെയ്യുന്ന സംഭവങ്ങൾ പാങ്ങോട് പഞ്ചായത്തിൽ പതിവ് സംഭവമാണ്. ഒരു വീട്ടനുള്ളിൽ തന്നെ ഒന്നിലധികം പേരെ അടക്കം ചെയ്തശേഷം അതിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ശ്മശാന ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെങ്കിൽ അഴിമതിക്കാരെ ശിക്ഷിക്കണം.അതിന്റെ പേരിൽ സാധുക്കളെ എന്തിന് ശിക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ചോദ്യം.