മുടപുരം: പാടത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി മൂലം കൃഷി നശിക്കുമെന്ന കർഷകരുടെ ആശങ്കയ്ക്ക് അറുതിയായി. അഴൂർ പഞ്ചായത്തിലെ തണ്ണീർക്കോണം പാടത്ത് കൃഷിയിറക്കുന്ന കർഷകരുടെ ആശങ്കയ്ക്കാണ് അറുതി വന്നത്. പാടത്തോട് ചേർന്ന് തോട് കയർ ഭൂവസ്ത്രം വിതാനം നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ ശുചിയാക്കിയാണ് ഇതിന് പരിഹാരം കണ്ടത്.
കീഴതിൽ തോടിന് സമീപത്തെ ഏഴ് ഹെക്ടറോളം വരുന്ന തണ്ണീർക്കോണം പാടശേഖരത്തിൽ മഴപെയ്താൽ വെള്ളംകൊണ്ടു നിറയുമായിരുന്നു. വർഷങ്ങളായി തോട് മണ്ണ് മൂടി വെള്ളം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതുമൂലം കഴിഞ്ഞ വിളവെടുപ്പിലും ഏലായിൽ വെള്ളം കയറി വിളകൾ നശിച്ചുപോയിരുന്നു. തുടർന്ന് പാടത്തെ വെള്ളപൊക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തണ്ണീർക്കോണം പാടശേഖരസമിതി ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി. അതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത‌് തൊഴിലുറപ്പ് പദ്ധതിയിൽ ഇത് ഉൾപ്പെടുത്തുകയും ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും ചെയ‌്തു. തുടർന്നാണ് കയർ ഭൂവസ്ത്രം വിതാനം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കീഴതിൽ തോട് ശുചീകരിച്ചത്. നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാറും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ആർ. അജിത്തും സ്ഥലം സന്ദർശിച്ചു.