വിതുര: പാലോട്-വിതുര റൂട്ടിലെ പ്രമുഖ ജംഗ്ഷനായ ചായത്തെ കാക്കുവാൻ ഇനിമുതൽ ക്യാമറകൾ മിഴിതുറക്കും. തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ വർദ്ധിച്ചുവരുന്ന മോഷണങ്ങളും അക്രമങ്ങളും തടയുന്നതിനായാണ് സി.സി.ടിവി കാമറ സ്ഥാപിക്കുന്നത്. രണ്ട് പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ചായം ശ്രീഭദ്രകാളിക്ഷേത്രം, ധനകാര്യസ്ഥാപനങ്ങൾ ഉൾപ്പടെ അനവധി വ്യാപാര സ്ഥാപനങ്ങളും സജീവമായി പ്രവർത്തിക്കുന്ന ജംഗ്ഷനിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ചായം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചായം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സി.സി.ടിവി ക്യാമറ സ്ഥാപിക്കുവാൻ തീരുമാനിക്കുകയായിരുന്നു. കാമറ സ്ഥാപിക്കുന്നതോടെ വർദ്ധിവരുന്ന റോഡപകടങ്ങൾക്കും പരിഹാരമാകുമെന്ന് ചായം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. സതീശചന്ദ്രൻനായരും സെക്രട്ടറി മണ്ണറവിജയനും പറഞ്ഞു.
ഉദ്ഘാടനം ഇന്ന്
ചായം ജംഗ്ഷനിൽ സി.സി.ടി.വി കാമറസ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. കെ.എസ്. ശബരിനാഥൻ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാപൊലീസ്മേധാവി കെ.പി. അശോക് കുമാർ ക്യാമറയുടെ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ സംഭാവനയായി നൽകുന്ന കൃത്രിമകാൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കൈമാറും. നെടുമങ്ങാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് എസ്. സുജിത്ദാസ് മുഖ്യപ്രഭാഷണം നടത്തും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ഫ്രാറ്റ് രക്ഷാധികാരി പരണിയംദേവകുമാർ, പഞ്ചായത്തംഗം കെ. തങ്കമണി, വിതുര എസ്.എെ വി. നിജാം, പി. വിജയൻനായർ, ബി.കെ. സോമശേഖരൻനായർ, എസ്. സതീഷചന്ദ്രൻനായർ, മണ്ണറവിജയൻ, പി.കേശവൻനായർ, എ.സിയാദ്, എസ്.രാധാകൃഷ്ണൻ, കെ.ശ്രീകുമാർ, പി.രാധാകൃഷ്ണൻനായർ എന്നിവർ പങ്കെടുക്കും.