congress-political-commit

തിരുവനന്തപുരം: കോൺഗ്രസിന്റെ തണുപ്പൻ നിലപാട് കാരണം ശബരിമല വിഷയത്തെ ബി.ജെ.പി ഹൈജാക്ക് ചെയ്തെന്ന് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനം. വിശ്വാസികളുടെ വികാരാവേശത്തെ ചൂഷണം ചെയ്ത് ബി.ജെ.പി കൊണ്ടുപോയി. കൊടിയില്ലാതെ സമരമെന്ന പാർട്ടി നിലപാട് പരിഹാസ്യവുമായെന്നും കെ. മുരളീധരൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ വിമർശനമുയർത്തി.

തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിറുത്തിയതിനെതിരായ ഉത്തരവ് കേന്ദ്രനിയമത്തിലൂടെ തിരുത്തിച്ചത് പോലെ ഇവിടെ ഇടപെടാനാകുമെന്നിരിക്കെ, ബി.ജെ.പിയുടെ കള്ളത്തരം വിശ്വാസിസമൂഹത്തെ ബോദ്ധ്യപ്പെടുത്താനാവാത്തത് പിടിപ്പുകേടായി. ഒരിടത്തുമില്ലാത്ത നിലപാടാണ് പാർട്ടി സ്വീകരിച്ചത്. കൊടിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കാളികളാകാൻ പ്രവർത്തകർക്ക് അനുമതി നൽകിയതോടെ പലരും ബി.ജെ.പി സമരത്തിന്റെ ഭാഗമാകുന്ന നിലയും വന്നുവെന്ന് നേതാക്കൾ വിമർശിച്ചു. രാത്രി 11.10വരെ നീണ്ട യോഗത്തിൽ ശബരിമലയാണ് ചർച്ചയുടെ ഏറിയ പങ്കും അപഹരിച്ചത്. അപരിഹാര്യമായ നഷ്ടം മറികടക്കാനെന്ന വിലയിരുത്തലിലാണിപ്പോൾ പ്രചരണജാഥകൾക്കുള്ള തീരുമാനം.

സരിത കേസ് രാഷ്ട്രീയ പകപോക്കൽ

തുടരരുതെന്ന് ജസ്റ്റിസ് അരിജിത് പസായത്ത് ഉപദേശിച്ചതും നിയമപരമായി നിലനിൽക്കില്ലെന്ന് രാജേഷ് ദിവാൻ പറഞ്ഞതുമായ സരിത കേസ് സി.പി.എം പൊടിതട്ടിയെടുക്കുന്നത് ഇപ്പോഴത്തെ സമയത്തിന്റെ പ്രത്യേകത കൊണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ആരോപണമുന്നയിച്ച വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കണം. എത്രയോ തട്ടിപ്പ് കേസുകളിൽ പ്രതിയാണവർ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ മൊഴി നൽകാൻ ഒരു സി.പി.എം നേതാവ് ലക്ഷങ്ങൾ വാഗ്ദാനം നൽകിയെന്ന് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞതുമാണ്. അതുകൊണ്ട് അവരെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കേസിനെ എല്ലാ ശക്തിയുമെടുത്ത് നേരിടും.

പ്രധാനമന്ത്രിയെ വിമർശിച്ചത് ശരിയല്ല

മുഖ്യമന്ത്രി വിദേശത്ത് പോയി പ്രധാനമന്ത്രിയെ വിമർശിച്ചത് ശരിയല്ല. ഇന്ത്യയുടെ പേര് കളയലാണ്. അധികാരമേറ്റയുടൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ആറന്മുള കണ്ണാടി നൽകി ആശംസ നേർന്ന മുഖ്യമന്ത്രിക്ക് മോദിയോട് വിരോധമുണ്ടായത് എപ്പോഴാണ്? അന്ന് മടങ്ങിയെത്തിയ ശേഷം ആദ്യം ഒപ്പിട്ട ഫയൽ ലോക്‌നാഥ് ബെഹ്റയെ ഡി.ജി.പിയാക്കുന്നതായിരുന്നു. ഇതിന്റെ ചോതോവികാരമെന്ത്? വിനോദയാത്രയ്ക്കും പ്രളയദുരിതാശ്വാസത്തിന് ഫണ്ട് ശേഖരിക്കാനെന്ന് പറഞ്ഞും യു.എ.ഇയിൽ പോയി മുഖ്യമന്ത്രി എന്ത് ചെയ്തെന്ന് യോഗങ്ങളുടെ വീഡിയോ കണ്ടാൽ മനസ്സിലാകും. പ്രസംഗത്തിന് കൈയടിയും മറ്റുമാണ്. വിസിലടിയില്ലെന്നേയുള്ളൂ. മോദിയുടെയും പിണറായിയുടെയും ശബ്ദം ഏകാധിപതികളുടേതാണ്. മോദിയുടേത് ഫാസിസമെങ്കിൽ പിണറായിയുടേത് സ്റ്റാലിന്റേതെന്നേ വ്യത്യാസമുള്ളൂ എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.