ആര്യനാട്: പുരയിടം വൃത്തിയാക്കുന്നതിനിടെ സെപ്ടിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആര്യനാട് തോളൂർ കാവിൻതല വീട്ടിൽ ഗീതയാണ് (60) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 10.50ഓടെയാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീഴുകയായിരുന്നു. നിലവിളി കേട്ട് ഇതുവഴി വന്ന പൊതുപ്രവർത്തകനായ ബി. സനകൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കള്ളിക്കാട്, നെടുമങ്ങാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടമ്മയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗീതയുടെ തലയ്‌ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ് കുമാർ, ലീഡിംഗ് ഫയർമാൻ പ്രതാപ് കുമാർ, നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ സൂരജ്, ഫയർമാൻ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.