politics

നെടുമങ്ങാട്: കിള്ളിയാർ സംരക്ഷണത്തിന്റെയും പുറമ്പോക്ക് ഏറ്റെടുക്കലിന്റെയും പേരിൽ നാട്ടുകാരെ വട്ടം ചുറ്റിക്കുന്ന നഗരസഭയുടെ കൈയേറ്റങ്ങൾ വിവാദത്തിൽ. പഴകുറ്റി മുതൽ മരുതിനകം വരെയുള്ള അനധികൃത നിർമ്മാണത്തിന് ചട്ടം ലംഘിച്ച് അനുവാദം നൽകിയെന്ന് പഴികേട്ട നഗരസഭ ഇപ്പോൾ നഗരഹൃദയത്തിലെ മർമ്മപ്രധാന ഭാഗങ്ങളിലെ ആറ്റുപുറമ്പോക്കും റോഡ് പുറമ്പോക്കും കെട്ടിയടച്ചുള്ള നിർമ്മാണങ്ങളുടെ തിരക്കിലാണ്.

സർക്കാർ ജീവനക്കാരുടെ ഹൗസിംഗ് കോളനിയുള്ള നെട്ടയത്തെ പാലത്തിനോട് ചേർത്ത് കോൺക്രീറ്റ് മന്ദിരം നിർമ്മിക്കുന്നത് വിവാദമായിട്ടുണ്ട്. ഇവിടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നദിക്കരയിലെ പ്ലാന്റ് അശാസ്ത്രീയമാണെന്ന വാദങ്ങൾ തള്ളിക്കളഞ്ഞാണ് ലക്ഷങ്ങൾ മുടക്കിയുള്ള നിർമ്മാണം. നെട്ടയിലെ റോഡിന്റെയും പാലത്തിന്റെയും വികസനത്തിന് തടസമുണ്ടാക്കുന്നതാണ് നഗരസഭയുടെ ഈ പുറമ്പോക്ക് കൈയേറ്റം.

ജില്ലാ ആശുപത്രി കവാടത്തിലെയും ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ റോഡിലെയും ഫുട്പാത്ത് കൈയേറ്റവും പ്രതിഷേധത്തിന് ഇടയാക്കി. ഗേൾസ് സ്‌കൂൾ റോഡിൽ കൈയേറിയ സ്ഥലത്ത് ബഹുനില മന്ദിരത്തിനാണ് പെർമിറ്റ് നൽകിയത്. ട്രഷറി മന്ദിരം പണിയാൻ കുപ്പക്കോണം റോഡു കൈയേറിയതും ആക്ഷേപത്തിനിടയാക്കി. ഇതുകാരണം വിദ്യാർത്ഥികളുൾപ്പെടെയുള്ള വഴിയാത്രക്കാർ വാഹനങ്ങളുടെ അടിയിൽപ്പെടാതെ തലനാരിഴയ്‌ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. ആറു മീറ്റർ പുറമ്പോക്ക് ഒഴിവാക്കിയേ നിർമ്മാണം പാടുള്ളുവെന്ന നിയമത്തിന്റെ പരസ്യലംഘനമാണ് അധികൃതരുടേത്.

വാളിക്കോട് മുതൽ കല്ലമ്പാറ വരെയുള്ള ഭാഗങ്ങളിലും നിരവധി കൈയേറ്റങ്ങളുണ്ട്. കിള്ളിയാറിലെ ഒഴുക്ക് തടഞ്ഞാണ് കോൺക്രീറ്റ് മന്ദിരങ്ങളുടെ നിർമ്മാണം. തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ ബഹുനില മന്ദിരങ്ങളുടെ മുന്നിലെ ഫുട്പാത്തും കാണാനില്ല. പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന നിർദ്ദേശവും ആരും ചെവിക്കൊള്ളുന്നില്ല.