തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോൺഗ്രസിനെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം ഉണ്ടാകുന്നതിന് മുമ്പേ കേരളത്തിൽ നവോത്ഥാനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. ശബരിമല വിഷയത്തെ രാഷ്ട്രീയനേട്ടത്തിന് കോൺഗ്രസ് ഉപയോഗിക്കില്ലെന്നും കെ.പി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർക്കായുള്ള ലോക് സമ്പർക്ക് അഭിയാൻ പരിപാടി ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സമചിത്തതയോടെ മുഖ്യമന്ത്രി പെരുമാറണമായിരുന്നു. മുഖ്യമന്ത്രി വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. വിശ്വാസിസമൂഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എത്രയോ സുപ്രീംകോടതി വിധികളുണ്ടായി.അതൊന്നും നടപ്പാക്കാൻ സർക്കാർ ഇത്ര തിടുക്കം കാട്ടിയില്ല. വിശ്വാസികളെ കബളിപ്പിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.
പ്രളയാനന്തര കേരളത്തിനായി പണം പിരിക്കാനുള്ള ആവേശമേ മുഖ്യമന്ത്രിക്കുള്ളൂ. ആ ആവേശം വിതരണം ചെയ്യുന്നതിലില്ല. കേന്ദ്രത്തെ വാനോളം പുകഴ്ത്തുകയായിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ചുവടുമാറ്റി. അഴിമതിയിൽ കുളിച്ചുനിൽക്കുകയാണ് സർക്കാർ. കള്ളനെ കൈയോടെ പിടിച്ചതിനാലാണ് ബ്രുവറി അനുമതി റദ്ദാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനാണ് ശക്തി, ലോക്‌സമ്പർക് അഭിയാൻ പരിപാടികൾ. ശക്തി പരിപാടിയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ് നിക് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ സി.വി. പത്മരാജൻ, തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുത്തു.