കിളിമാനൂർ: വയൽ കൊയ്യാനെത്തിച്ച കൊയ്ത്ത് യന്ത്രം പാടത്തേക്കിറങ്ങാൻ തയ്യാറാക്കിയ വഴിയിലെ ചെളിക്കുണ്ടിൽ പുതഞ്ഞു.പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ അടയമൺ ഏലായിലാണ് റാമ്പുകളില്ലാത്തത് കാരണം വരമ്പിടിച്ചൊരുക്കിയ വഴിയിലെ ചെളിക്കുണ്ടിൽ യന്ത്രം പുതഞ്ഞത് . അടയമൺ പാടശേഖര സമിതിയുടെ കീഴിലുള്ള പാടങ്ങളിലും സമീപത്തെ തരിശുനിലങ്ങളിലും പൊന്നുവിളയിക്കാൻ ഇക്കുറി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മ സജീവമായി രംഗത്തെത്തിയിരുന്നു. കടം വാങ്ങിയും വട്ടിപ്പലിശയ്ക്ക് പണം വായ്പയെടുത്തുമാണ് പലരും കൃഷിയിറക്കാനിറങ്ങിയത്. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളൊക്കെ സഹിച്ച കർഷകർ വിളവെടുപ്പ് പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ കർഷകർക്ക് എപ്പോഴും തിരിച്ചടിയാകുന്നത് അധികൃതരുടെ അനാസ്ഥയാണ്. എക്കർ കണക്കിനുള്ള വയലേലകളിൽ ആധുനിക കൃഷിയന്ത്രങ്ങളൊന്നും ഇറക്കാൻ റാമ്പുകൾ സ്ഥാപിച്ചിട്ടില്ല .വരമ്പുകൾ വെട്ടിമുറിച്ച് താല്ക്കാലിക വഴിയൊരുക്കിയാണ് ട്രാക്ടർ ഉൾപ്പെടെ ഇറക്കുന്നത്. ഇത് കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നതോടൊപ്പം യന്ത്രങ്ങൾ ചെളിയിൽ പുതയുന്നത് അധിക ചെലവുകൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും വാടകയ്ക്ക് കൊണ്ടുവന്ന കൊയ്ത്ത് യന്ത്രം വരമ്പ് വെട്ടിയൊരുക്കിയ വഴിയിലൂടെ പാടത്തേക്ക് ഇറങ്ങുന്നതിനിടയിൽ പുതയുകയായിരുന്നു. യന്ത്രംപുറത്തെടുക്കാൻ ഏറെ തുക കർഷകർ വിനിയോഗിക്കേണ്ട അവസ്ഥയുമായി. പാടശേഖരത്തിൽ യന്ത്രങ്ങളിറക്കാൻ വഴി നിർമ്മിക്കണമെന്ന് പഞ്ചായത്ത്, കൃഷിഭവൻ, ബ്ലോക്ക് പഞ്ചായത്ത്, ഇറിഗേഷൻ വകുപ്പ് എന്നിവയോട് കർഷകർ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പരാതിയുണ്ട്.