saritha-s-nair

തിരുവനന്തപുരം: ലൈംഗികപീഡനം നടത്തിയെന്ന സരിതാ എസ്. നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാൽ എം.പിക്കുമെതിരേ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേട്ട് മൂന്നാം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഇവർക്കെതിരെ പ്രത്യേകം എഫ്.ഐ.ആറുകളാണ് നൽകിയത്.

2012ലെ ഹർത്താൽ ദിനം ക്ലിഫ്ഹൗസിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് ഉമ്മൻചാണ്ടിക്കെതിരായ ആരോപണം. മുൻമന്ത്രി എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വേണുഗോപാലിനെതിരായ എഫ്.ഐ.ആർ. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന മുൻനിലപാടിൽ നിന്ന് ക്രൈംബ്രാഞ്ച് പിന്മാറി.

കുറ്റകൃത്യം നടന്നത് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലായതിനാലാണ് ഇവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ലോകസഭാ, നിയമസഭാംഗങ്ങൾ, മന്ത്രിമാർ എന്നിവർക്കെതിരായ കേസുകൾ പരിഗണിക്കാൻ എറണാകുളത്തുള്ള പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റും. മജിസ്ട്രേട്ട് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടാണ് ഇത് ചെയ്യുക.

എം.എസ്.പി കമൻഡാന്റ് യു. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു മുൻമന്ത്റി ഉൾപ്പെടെ നാലുപേർക്കെതിരായ പരാതിയിലും ക്രൈംബ്രാഞ്ച് കേസെടുക്കും.