തിരുവനന്തപുരം: സംസ്ഥാനത്തെ അയ്യായിരത്തിൽപ്പരം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച കരട് പട്ടികയിൽ ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള പുന:ക്രമീകരണം ഏതാണ്ട് പൂർത്തിയായി .അന്തിമ സ്ഥലംമാറ്റ ഉത്തരവ് 25നകം ഇറങ്ങും.
ഹയർ സെക്കൻഡറി വകുപ്പ് കഴിഞ്ഞ 13ന് ഇറക്കിയ കരട് ലിസ്റ്റിന്മേൽ ആക്ഷേപങ്ങളും പരാതികളും ഒാൺലൈനായി സമർപ്പിക്കാനുള്ള പത്തു ദിവസത്തെ സമയം ഇന്നലെ അവസാനിച്ചിരുന്നു. ലഭിച്ച ആയിരത്തിഅഞ്ഞൂറോളം പരാതികളിൽ ഏറെയും അധികം കഴമ്പില്ലാത്തവയായിരുന്നു.ഞായറാഴ്ച ഉൾപ്പെടെ അവധി ദിനങ്ങളിലും ജോലി ചെയ്താണ് ജീവനക്കാർ പരാതികൾ പരിശോധിച്ച് തീർപ്പാക്കിയതെന്ന് ഹയർസെക്കൻഡറി ഡയറക്ടർ, പി.കെ.സുധീർ ബാബു പറഞ്ഞു.ജില്ലാതല ഒഴിവുകളിൽ 20 ശതമാനം മുൻഗണനാ വിഭാഗത്തിനും പത്ത് ശതമാനം അനുകമ്പാ വിഭാഗത്തിനും നീക്കിവച്ചു. എൻ.ഐ.സിയിലെ പരിശോധനയ്ക്ക് ശേഷം, ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ 25നകം അന്തിമ ലിസ്റ്റ് ഇറക്കാനാണ് നീക്കം.
അതിനിടെ,കരട് സ്ഥലംമാറ്റ പട്ടികയ്ക്കെതിരെ ചില അദ്ധ്യാപകർ നൽകിയ ഹർജി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം തള്ളി.പട്ടിക കോടതി കയറിയതിനെ തുടർന്ന് 2017ൽ സ്ഥലംമാറ്റം നടന്നില്ല. ഇക്കൊല്ലം ജൂണിൽ വീണ്ടും ഇറക്കിയ പട്ടികയും നിയമക്കുരുക്കിലായി.ഒടുവിൽ, ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെയാണ് സ്ഥലംമാറ്റത്തിന് വഴി തെളിയുന്നത്.