എട്ടാംക്ലാസിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കാനുള്ള പ്രത്യേക പദ്ധതിയാണ് 'ശ്രദ്ധ'. അതുപോലെ ഒൻപതാം ക്ലാസിൽ 'നവപ്രഭ', പത്തിൽ 'മികവ് ' എന്നീ പദ്ധതികളുമുണ്ട്. പിന്നാക്കം എന്നാൽ അക്ഷരം അറിയാത്തവർ എന്നു തന്നെ അർഥം. മലയാളം അക്ഷരങ്ങൾക്കു പോലും കൃത്യതയില്ലാത്തവരെ ഹൈസ്‌കൂൾ തലത്തിലെ കടുകട്ടി കണക്കും ഇംഗ്ലീഷും ഹിന്ദിയും സയൻസും സാമൂഹൃപാഠവുമൊക്കെ മനസിലാക്കിച്ചു പരീക്ഷ ജയിപ്പിക്കുക എന്ന കഠിനദൗത്യമാണ് അതത് അധ്യാപകർക്ക്. ഇവിടത്തെ രസകരമായ സംഗതി, ഒരേ കുട്ടികൾ തന്നെയാണ് അടുത്ത വർഷത്തെ പദ്ധതിയിലും വരുന്നത് എന്നതാണ്. രക്ഷിതാക്കളുടെ വാശിമൂലം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പല കുട്ടികളുടെയും സ്ഥിതിയും ഭിന്നമല്ല.
ഒരു കുട്ടിക്ക് അക്ഷരമുറയ്‌ക്കേണ്ടത് എട്ടാം ക്ലാസിലല്ല; അഞ്ചാം വയസിലാണ്. അതിനുള്ള പദ്ധതികളല്ലേ അത്യാവശ്യം? അല്ലാതെ കതിരിൽ വളം ഇടുന്നത് എങ്ങനെ പ്രയോജനപ്പെടും? 2007ൽ പത്താം ക്ലാസിലും 'ഫുൾ ജയം' രീതി വന്നതോടെ പത്തു ജയിക്കാനും അക്ഷരം അറിയണമെന്ന നിർബന്ധമില്ലാതായി. സി.ഇ എന്ന പേരിൽ എല്ലാ കുട്ടികൾക്കും വെറുതെ നൽകുന്ന 10/20 മർക്കിനു പുറമേ ചോദ്യം പകർത്തി വരച്ചോ അടുത്തയാളിന്റെ പേപ്പർ കണ്ടെഴുതിയോ കിട്ടുന്ന അഞ്ച് / പത്ത് മാർക്കു കൂടി ഉണ്ടെങ്കിൽ ആർക്കും പത്തു ജയിക്കാം എന്ന നയം നടപ്പായപ്പോൾ അക്ഷരാഭ്യാസം അത്യാവശ്യമല്ലെന്ന നിലയാണ്, സ്ഥാനത്തും അസ്ഥാനത്തും വിദ്യാഭ്യാസ പുരോഗതിയിൽ വീമ്പിളക്കുന്ന കേരളത്തിന് ഇന്നുള്ളത്.
ഈ സ്ഥിതി മാറണം. പത്തു വരെ പഠിക്കാൻ ഇരുപതു വർഷമെടുത്താലും, ഓരോ ക്ലാസിലും നേടേണ്ട മിനിമം ശേഷി കൈവരിക്കാതെ ഒരു കുട്ടിക്കും അടുത്ത ക്ലാസിലേക്കു കയറ്റം നൽകരുത്. അക്ഷരമറിയാത്തവർ പത്തു ജയിക്കുന്നതിനേക്കാൾ അന്തസാണ് താഴ്ന്ന ക്ലാസിൽ തോൽക്കുന്നത്. കതിരിൽ വളമിടുന്നതിന്റെ നാണക്കേടെങ്കിലും ഒഴിവാക്കാം.
ജോഷി ബി. ജോൺ മണപ്പള്ളി,കൊല്ലം.