തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളൊഴിവാക്കാനുതകുന്ന ഭൂവിനിയോഗത്തിനും ജല സമ്പത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തുമെന്ന് കേരള പുനർനിർമ്മാണ പദ്ധതി ഉപദേശകസമിതിയുടെ ആദ്യയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളിൽ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളെ മാതൃകയാക്കും.പദ്ധതികൾ അടിയന്തരമായി നടപ്പാക്കേണ്ടവ, ചുരുങ്ങിയകാലത്തിനകം പൂർത്തിയാക്കേണ്ടവ, ദീർഘകാലമെടുക്കുന്നവ എന്നിങ്ങനെ തരംതിരിക്കും. പ്രളയത്തെ തുടർന്ന് കൃഷിഭൂമിയുടെ സ്വഭാവം മാറി. അമ്ലാംശം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ജലസേചന മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കണം. സമഗ്ര കാഴ്ചപ്പാടോടെയുള്ള വികസനമാണ് ലക്ഷ്യം.
വീട് നഷ്ടപ്പെട്ടവർക്ക് പെട്ടെന്ന് പുനർനിർമ്മിച്ച് നൽകേണ്ടതുണ്ട്. വീട് വയ്ക്കാൻ പറ്റാത്ത സ്ഥലങ്ങൾക്ക് പകരം പുതിയ സ്ഥലം കണ്ടെത്തണം. ഭൂമി വാങ്ങാൻ ആറ് ലക്ഷം വരെ സർക്കാർ സഹായം നൽകും. സ്ഥലം കണ്ടെത്തുമ്പോൾ ഭൂമി സംഭാവന നൽകാൻ തയാറാകുന്നവരെയും പരിഗണിക്കണം.
പ്രതിപക്ഷനേതാവും മന്ത്രിമാരുമടക്കമുള്ള ഉപദേശകസമിതിയംഗങ്ങൾക്കൊപ്പം ചീഫ്സെക്രട്ടറി ടോം ജോസ്, ചീഫ് എക്സിക്യൂട്ടീവ് ഡോ.വി.വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ എന്നിവരും പങ്കെടുത്തു. സമിതിയിൽ അംഗമായ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിദേശത്തായതിനാൽ എത്തില്ല. മറ്റൊരംഗം ഡോ. മുരളി തുമ്മാരുകുടി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. നിർവ്വഹണസമിതി ചെയർമാൻ ഡോ.കെ.എം. എബ്രഹാം പദ്ധതി വിശദീകരിച്ചു.
യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ
രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്:
ഇടയ്ക്കിടെ ദുരന്തങ്ങളുണ്ടാകുന്ന ഇന്തോനേഷ്യയിലെയും ജപ്പാനിലെയും അനുഭവം കണക്കിലെടുക്കണം. പുനർനിർമ്മിതി നമ്മുടെ സാഹചര്യത്തിനനുയോജ്യമാകണം. വീടുകളുടെ പുനർനിർമ്മാണം പരിസ്ഥിതിസൗഹൃദമാകണം. അടിയന്തര ദുരിതാശ്വാസത്തിന്റെ ആദ്യഗഡുവായ പതിനായിരം രൂപ ഇനിയും ആളുകൾക്ക് കിട്ടാനുണ്ട്. അന്താരാഷ്ട്ര റിക്കവറി പ്ലാറ്റ്ഫോം പോലുള്ളവയുടെ സേവനം ലഭ്യമാക്കുന്നത് നന്നാകും.
കെ.എം. എബ്രഹാം:
പദ്ധതികൾ വേഗത്തിലും കാര്യക്ഷമതയിലും നടപ്പാക്കണം. ഭാവികേരളത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് പ്രായോഗികമായ പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. സർക്കാർവകുപ്പുകളുടെ കാര്യക്ഷമത കൂട്ടണം.
കെ.എം. ചന്ദ്രശേഖർ:
പ്രവൃത്തികൾ സർക്കാർവകുപ്പുകളുടെ പതിവ് നടപടിക്രമങ്ങൾക്ക് അതീതമായി ഏറ്റെടുക്കാനായില്ലെങ്കിൽ സമയബന്ധിതമായി പൂർത്തിയാക്കാനാവില്ല. മേൽനോട്ടത്തിന് സ്വതന്ത്ര ഏജൻസി വേണം. ധനസമാഹരണത്തിന് മസാലബോണ്ട് നല്ല ആശയം.
ഡോ.കെ.പി. കണ്ണൻ:
പുനർനിർമ്മാണം തുടർപ്രക്രിയയാക്കണം. നിർമ്മാണത്തിൽ പരിസ്ഥിതി സൗഹൃദ സമീപനം വേണം. ധനസമാഹരണത്തിന് കിട്ടാനിടയുള്ള നികുതി കൂടുതൽ പിരിക്കണം. കിട്ടേണ്ടതും കിട്ടുന്നതുമായ നികുതികൾ തമ്മിലെ അന്തരം 25 മുതൽ 35വരെ ശതമാനമാണ്.
ടി.കെ.എ. നായർ:
ഭൂവിനിയോഗത്തിന് ശാസ്ത്രീയരീതി വേണം. ജലവിഭവ മാനേജ്മെന്റും പ്രധാനം. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാവണം.
വി. സുരേഷ്:
പൂർണ്ണമായി തകർന്ന വീടുകൾക്ക് പകരം നിർമ്മിക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാം. ധനസമാഹരണത്തിന് ടാക്സ് ഫ്രീ ബോണ്ടിറക്കണം. ദുരന്തം നേരിട്ട സ്ഥലങ്ങളിൽ അതിന് കേന്ദ്രാനുമതി കിട്ടാറുണ്ട്.
ഡോ. മുരളി തുമ്മാരുകുടി:
ലോകരാഷ്ട്രങ്ങളുടെ അനുഭവങ്ങൾ മനസ്സിലാക്കാൻ കേരളത്തിൽ അന്താരാഷ്ട്ര സമ്മേളനമാവാം. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം പുനർനിർമ്മാണത്തിന് ലഭിക്കും. പുനർനിർമ്മാണത്തിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും നല്ല പങ്കാളിത്തം വേണം.
ബൈജു രവീന്ദ്രൻ:
ക്രൗഡ് ഫണ്ടിംഗ് വൻവിജയമാക്കാൻ സമൂഹമാദ്ധ്യമം ഉപയോഗിക്കണം. പുനർനിർമ്മാണ കാലയളവിലേക്ക് ലോകത്തിന്റെ പല ഭാഗത്തായുള്ള മലയാളികളായ വിദഗ്ധരുടെ സേവനം ലഭ്യമാക്കാം.
സമിതി രണ്ടാഴ്ചയിലൊരിക്കൽ
'ഉപദേശകസമിതി രണ്ടാഴ്ചയിലൊരിക്കൽ ചേരാനാണ് ഉദ്ദേശം. അടുത്തയോഗം നവംബർ 13നാണ്. സമിതിയംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയത്തിന് പ്രത്യേക ഇന്റർനെറ്റ് അധിഷ്ഠിതവേദിയുണ്ടാക്കും'- മുഖ്യമന്ത്രി പിണറായി വിജയൻ