തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശബരിമല വിഷയത്തിൽ വർഗീയവാദിയുടെ മാനസികാവസ്ഥയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി ക്ഷേമസമിതി പാളയത്ത് സംഘടിപ്പിച്ച 'ശബരിമല ആചാരങ്ങളും ജനാധിപത്യ അവകാശങ്ങളും' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് അപമാനകരമായ കാഴ്ചപ്പാടാണ്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 വോട്ട് കൂടുതൽ കിട്ടാനാണ് ബി.ജെ.പി സമരം നടത്തുന്നത്. ഇരു കൂട്ടരും വിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ്. തെരുവിൽ സമരം നടത്തുന്നവരുടെ അപ്പനപ്പൂപ്പന്മാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് അംഗീകരിച്ചില്ല. കീഴാളജാതി വിഭാഗങ്ങളെ അവർ ക്ഷേത്രങ്ങളിൽ കയറാൻ വർഷങ്ങളോളം അനുവദിച്ചില്ല. അബ്രാഹ്മണ ശാന്തി നിയമനത്തെ എതിർത്തതും ഇക്കൂട്ടരാണ്.
ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയ മര്യാദയില്ല. 1991ലെ ഹൈക്കോടതി വിധിക്കു ശേഷമാണ് ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. അതിനു മുമ്പ് തിരുവിതാംകൂർ രാജാവും രാജ്ഞിയും ദിവാനും ശബരിമല സന്ദർശിച്ചിട്ടുണ്ട്. വലിയ ആളുകളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന നൽകിയതിന്റെ പേരിൽ പരാതി ഉണ്ടായി. ഈ ചരിത്രമെല്ലാം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. കേസിൽ 130 അഭിഭാഷകർ ഹാജരായി. 14 സംഘടനകൾ കക്ഷി ചേർന്നു. എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതെല്ലാം മറച്ചുവച്ചാണ് സമരം നടത്തുന്നത്. കാറ്റുള്ളപ്പോൾ തൂറ്റുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.