മാഞ്ചസ്റ്റർ : ചെറിയൊരു ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പോരാട്ട വീര്യം ഇന്നു മുതൽ വീണ്ടും. ഗ്രൂപ്പ് റൗണ്ടിൽ ഇന്നത്തെ ചൂടേറിയ പോരാട്ടം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ ക്ളബ് യുവന്റസും തമ്മിലാണ്. ഇൗ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് റാഞ്ചിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായാണ് യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഒാൾഡ് ട്രഫോൾഡിലേക്ക് എത്തുന്നത്. 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവന്ന കുപ്പായത്തിൽ സർ അലക്സ് ഫെർഗൂസണ് കീഴിൽ കളിച്ച ക്രിസ്റ്റ്യാനോ റെണാൾഡോയ്ക്ക് ഇത് പഴയ തറവാട്ടിലേക്കുള്ള തിരിച്ചുവരാണ്. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോയുടെ പരിശീലകനായിരുന്ന ഹൊസെ മൗറീന്യോയാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ച്. പഴയ ഗുരുവുമായുള്ള കൊമ്പുകോർക്കൽ കൂടിയാണീ മത്സരം.
ചാമ്പ്യൻസ് ലീഗിലെ ഗോളടിവീരനായ ക്രിസ്റ്റ്യാനോയെ 33-ാം വയസിൽ മോഹവില നൽകി യുവന്റസ് സ്വന്തമാക്കിയത് തന്നെ കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് . തുടർച്ചയായ ഏഴ് തവണ ഇറ്റാലിയൻ സെരി എയിൽ ചാമ്പ്യൻമാരായിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം ഇറ്റാലിയൻ ക്ളബിനെ കൊതിപ്പിച്ചുനിൽക്കുകയാണ്.
വലിയ പ്രതിക്ഷകളുമായി വലൻസിയയ്ക്കെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ വിവാദ റെഡ് കാർഡിലൂടെ കണ്ണീരൊഴുക്കി മടങ്ങിയിരുന്നു. യംഗ് ബോയ്സിനെതിരെ നടന്ന മത്സരത്തിൽ വിലക്കുള്ളതിനാൽ കളിക്കാനും കഴിഞ്ഞില്ല. ഇൗ രണ്ട് മത്സരങ്ങളിലും യുവന്റസ് വിജയിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ഇഷ്ട ലീഗിലേക്കുള്ള തിരിച്ചുവരവാണിത്. കഴിഞ്ഞദിവസം ജെനോവയ്ക്കെതിരായ സെരി എ മത്സരത്തിൽ സ്കോർ ചെയ്ത ക്രിസ്റ്റ്യാനോ ടോപ് 5 യൂറോപ്യൻ ലീഗുകളിൽ നിന്ന് 400 ഗോളുകൾ തികയ്ക്കുന്ന ആദ്യതാരമായി മാറിയിരുന്നു. എന്നാൽ ഇൗ മത്സരത്തിൽ യുവന്റസ് 1-1ന് സമനില വഴങ്ങിയിരുന്നു
ഇന്ന് നടക്കുന്ന മറ്റൊരു സുപ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിക്ടോറിയ പ്ളസനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ റയൽ മോസ്കാവയിൽ നിന്ന് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്താണ് റയൽ. മാത്രവുമല്ല, ലാലിഗയിൽ നിരന്തരം തോൽവികളും സമനിലകളും വഴങ്ങുന്ന റയൽ കോച്ച് ലൊപ്ടേഗുയ്ക്ക് ഇനിയൊരു തോൽവി പുറത്തേക്കുള്ള വാതിൽ തുറക്കലാകും.
മറ്റു മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് എ.ഇ.കെ ഏതൻസിനെയും മാഞ്ചസ്റ്റർ സിറ്റി ഷാക്‌തർ ഡോണെസ്‌കിനെയും നേരിടും. എ.എസ് റോമ മോസ്കാവയെ നേരിടും. അയാക്സും ബെൻഫിക്കയും തമ്മിലാണ് മറ്റൊരു മത്സരം
2003 നു ശേഷം
ആദ്യമായാണ് മാഞ്ചസ്റ്റർ
യുണൈറ്റഡും യുവന്റസും
ഏറ്റുമുട്ടുന്നത്
ഇന്നത്തെ മത്സരങ്ങൾ
ഏതെൻസ് Vs ബയേൺ
യംഗ് ബോയ്സ് Vs വലൻസിയ
(രാത്രി 10. 25 മുതൽ)
മാൻ. യു. Vs യുവന്റസ്
അയാക്സ് Vs ബെൻഫിക്ക
ഹോപ്പൻഹേയം Vs ലിയോൺ
റയൽ Vs വിക്ടോറിയ
ഷാക്‌തർ Vs മാൻ. സിറ്റി
റോമ Vs മോസ്കാവ
(രാത്രി 12.30 മുതൽ)
ടെൻ ചാനലുകളിൽ ലൈവ്
പോയിന്റ് നില
(ഗ്രൂപ്പ് , കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് ഇ
അയാക്സ് 2-1-1-0-4
ബയേൺ 2-1-1-0-4
ബെൻഫിക്ക 2-1-0-1-3
ഏതൻസ് 2-0-0-2-0
ഗ്രൂപ്പ് എഫ്
ലിയോൺ 2-1-1-0-4
മാൻ. സിറ്റി 2-1-0-1-3
ഷാക്തർ 2-0-2-0-2
ഹോപ്പൻഹേം 2-0-1-1-1
ഗ്രൂപ്പ് ജി
മോസ്കാവ 2-1-1-0-4
റയൽ മാഡ്രിഡ് 2-1-0-3
റോമ 2-1-0-1-3
വിക്ടോറിയ 2--0-1-1-1
ഗ്രൂപ്പ് എച്ച്
യുവന്റസ് 2-2-0-0-6
മാൻ. യു. 2-1-1-0-4
വലൻസിയ 2-0-1-1-1
യംഗ് ബോയ്സ് 2-0-0-2-0