1

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനവുമായിബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിക്കുന്ന റിപ്പോർട്ടിന് ഇന്ന് അന്തിമ രൂപമാവും. ബന്ധപ്പെട്ട അഭിഭാഷകരോട് ഇന്ന് ബോർഡ് ആസ്ഥാനത്തെത്താൻ പ്രസിഡന്റ് എ. പത്മകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോർട്ടലക്ഷ്യ സാദ്ധ്യത ഒഴിവാക്കാനും ,കോടതിയിൽ നിന്ന് അനുകൂല തീരുമാനം വരാനും ഉതകുന്ന വസ്തുതകൾ പ്രതിപാദിച്ചാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും റിപ്പോർട്ട് സമർപ്പിക്കുക. സുപ്രീം കോടതി സ്റ്റാന്റിംഗ് കോൺസലുമായി ബോർഡ് വിശദമായ ചർച്ച നടത്തിയിരുന്നു. ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു എന്നിവർ അഭിഭാഷകരുമായി ഇന്ന് വിശദമായ ചർച്ച നടത്തും. ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിയും കൂടുതൽ സ്ത്രീകൾ എത്തിയാൽ ഒരുക്കേണ്ട ക്രമീകരണങ്ങളും ചൂണ്ടിക്കാട്ടും. തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും പരിഗണിക്കും. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാനാണ് മുൻതൂക്കമെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.

ശബരിമല വികസന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. ജസ്റ്റിസ് സിരിജഗൻ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ബോർഡ് പ്രസിഡന്റ്, ​ ബോർഡ് അംഗം,​ കമ്മിഷണർ,​ ചീഫ് എൻജിനിയർ,​ വനംവകുപ്പ് പ്രതിനിധി,​ പൊലീസ് എ.ഡി.ജി.പി തുടങ്ങിയവരാണ് അംഗങ്ങൾ. മണ്ഡലവേളയിലും മകരവിളക്കിനും മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും വികസന പ്രവർത്തനങ്ങളും വിലയിരുത്തി.