തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരണകക്ഷി തന്നെ വിധി അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പിണറായി വിജയൻ പറഞ്ഞു.
ഒരു കൂട്ടർ കൊടിയെടുത്ത് സമരം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ കൊടിയില്ലാതെ ഇതിനൊപ്പം ചേർന്നിരിക്കുകയാണ്. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ശബരിമലയെ സംഘർഷ ഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം. ഇത്തരം നടപടികൾ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല.