modi-
ഷിൻസോ ആബെയും മോദിയും

ന്യൂഡൽഹി: ചൈനയ്ക്കെതിരെ ഇന്ത്യയും ജപ്പാനും കൈകോർക്കാനൊരുങ്ങുന്നു. ഇന്ത്യയുമായി നാവികത്താവളങ്ങൾ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാൻ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലുൾപ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതൽ അടുക്കാൻ ജപ്പാൻ ശ്രമിക്കുന്നതെന്നാണ് വിവരം. ഈ മാസം വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിക്കുന്നുണ്ട്. ഉച്ചകോടിയിൽ നാവികസേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കാൻ അനുവദിക്കാനുള്ള കരാറും ചർച്ചയാകും.

കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളിലെയും നാവികസേനകൾക്ക് പരസ്പരം കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി നാവിക താവളങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. മലാക്കാ കടലിടുക്കിൽ കൂടിയുള്ള ചൈനീസ് നാവികസേനാ കപ്പലുകളെ നിരീക്ഷിക്കാനായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ പടക്കപ്പലുകൾക്ക് അറ്റകുറ്റപ്പണികൾക്കായി ജപ്പാന്റെ അധീനതയിലുള്ള നാവികതാവളങ്ങളെ ഉപയോഗിക്കാന്‍ കരാര്‍ വഴിയൊരുക്കും.