ഗോഹട്ടി: ആസാമിൽ കരട് പൗരത്വ പട്ടികയിൽ പേരില്ലാത്തതിന്റെ അപമാനം സഹിക്കാനാവാതെ മുൻ സ്കൂൾ അദ്ധ്യാപകൻ ജീവനൊടുക്കി. തലസ്ഥാന നഗരമായ ഗോഹട്ടിയിൽനിന്ന് 100 കി.മീ അകലെ മംഗൽദോയ് ജില്ലയിലാണ് സംഭവം. സ്കൂൾ അദ്ധ്യാപകനായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്ന നിരോദ് കുമാർ ദാസാണ് (74) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പ്രഭാതസവാരി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ നിരോദ് കുമാറിനെ സ്വന്തം മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്.
പൗരത്വപട്ടികയിൽ പേരില്ലാത്ത തന്നെ വിദേശിയായി മുദ്രകുത്തുന്നതിന്റെ നാണക്കേട് സഹിക്കാനാവാതെയാണ് മരണമെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജൂലായ് 30ന് കരട് പട്ടിക പുറത്തുവിട്ട ശേഷം സമാനമായ മൂന്നാമത്തെ സംഭവമാണിത്. മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരോദ് കുമാർ ദാസിന്റെ ഭാര്യയും മൂന്ന് മക്കളുമുൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളും പൗരത്വ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ദാസിനെ പട്ടികയിൽ പെടുത്താനാവില്ലെന്നും വിദേശിയായി കണക്കാക്കുമെന്നും സമീപത്തെ പൗരത്വ രജിസ്ട്രേഷൻ കേന്ദ്രം രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു. ഇതോടെ മാസങ്ങളായി കടുത്ത നിരാശയിലായിരുന്നു ഇയാൾ.