കൊച്ചി: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന സ്വർണക്കടയിൽ നിന്ന് വള മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ, ഇവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. എറണാകുളം ബ്രോഡ്‌വേയിലെ ജെ.കെ ജുവലറിയിൽ നിന്നാണ് യുവതി വളയുമായി കടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ വില്പനക്കാരന്റെ കണ്ണുവെട്ടിച്ച് വള ബാഗിലാക്കി. ജുവലറിക്ക് സമീപം അമ്മയുണ്ടെന്നും അമ്മയെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞ് കടന്നുകളയുകയായിരുന്നു. ആറ് പവന്റെ വളയാണ് യുവതി മോഷ്ടിച്ചത്.

 വളയ്ക്ക് വിലപേശൽ

കടയിലെത്തിയ യുവതി വളകൾ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നിരവധി വളകൾ ഇവർക്ക് മുന്നിലെത്തിച്ചു. ഒരെണ്ണം തിരഞ്ഞെടുത്തെങ്കിലും വാങ്ങുന്നതിന് മുന്നേ ഇവർ വില പേശി. പിന്നീടാണ് ബാഗിൽ വളയൊളിപ്പിച്ച് കടന്നത്. സംശയം തോന്നാത്ത രീതിയിലായിരുന്നു യുവതിയുടെ പെരുമാറ്റം. ഇവർ വളയുമായി കടന്നെന്ന സംശയം തോന്നിയ ഉടമ കടയിലെ സി.സി.ടി.വി പരിശോധിച്ചതോടെയാണ് മോഷണം നടന്നെന്ന് വ്യക്തമായത്. മോഷണ രംഗങ്ങൾ കാമറയിൽ പതിഞ്ഞതോടെ ദൃശ്യങ്ങളുമായി സെൻട്രൽ പൊലീസിനെ സമീപിക്കുകയായിരുന്നു.