photo

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ തേമ്പാമുട്ടം തലയൽ കെ.വി.എൽ.പി.എസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബറോടെ നടക്കും. സ്കൂളിന്റെ വികസനത്തിന് എം.പി ഫണ്ടിൽ നിന്ന് എ.കെ. ആന്റണി 58 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടനുബന്ധിച്ച് സ്കൂളിന്റെ പ്രവർത്തനം മുടവൂർപ്പാറ ഹൈസ്കൂളിലേക്ക് മാറ്റി. പ്രീ പ്രൈമറി മുതൽ നാലം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് അഡ്വ. എം. വിൻസെന്റ് എം.എൽ.എ സ്കൂളിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നത് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി ഫർണിച്ചർ ഉൾപ്പെടെയുള്ളവ വാങ്ങാൻ ആദ്യഘട്ടത്തിൽ 50000 രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന് പുറത്ത് ഇൻഡോർ കളിസ്ഥലമൊരുക്കാൻ 25000 രൂപയുടെ പ്രോജക്ടും പഞ്ചായത്തിന് സ്കൂൾ അധികൃതർ കൈമാറിയിട്ടുണ്ട്. സ്ഥലപരിമിതി നേരിടുന്നതിനാൽ കൂടുതൽ സ്ഥലം കണ്ടെത്താനും ആലോചനയുണ്ട്. ഭൗതീക സാഹചര്യവും അദ്ധ്യയനവും മെച്ചപ്പെടുത്തി സ്കൂളിനെ ദേശീയനിലവാരത്തിലേക്ക് ഉയർത്തുകയാണ് പി.ടി.എയും എസ്.എം.സിയും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഇരുനിലക്കെട്ടിടമാണ് പണിയുന്നെങ്കിലും ആഴത്തിൽ പില്ലറുകൾ തീർത്ത് മൂന്ന് നിലയുടെ അടിസ്ഥാനം ചെയ്തിട്ടുണ്ട്. സ്കൂൾ ഓഫീസ് ഉൾപ്പെടെ ആറ് മുറികളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.