pinarayi

തിരുവനന്തപുരം / പത്തനംതിട്ട: ശബരിമല സ്‌ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും റിവ്യൂ ഹർജി നൽകില്ലെന്നും അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, ശബരിമലയുടെ ഉടമസ്ഥാധികാരം അവകാശപ്പെടുന്ന തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ശക്തമായ മുന്നറിയിപ്പും താക്കീതും നൽകി. തന്ത്രിയുടെ സ്വത്തല്ല ശബരിമല. താഴമൺ കുടുംബത്തിനും അവകാശപ്പെട്ടതല്ല. ക്ഷേത്രം അടച്ചിട്ടു പോയാൽ തുറക്കാൻ അറിയാം. അതു മനസിലാക്കിയാൽ തന്ത്രിക്ക് നല്ലത് - മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ നിയമപരമായ ഏക അവകാശി ദേവസ്വം ബോർഡാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം,​ തെറ്റിദ്ധരിപ്പിക്കപ്പെട്ട ചിലരുടെ കോപ്രായങ്ങൾക്ക് നിന്നു കൊടുത്താൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് ബോർഡിനും മുന്നറിയിപ്പ് നൽകി.

ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ അജൻഡയാണ് ഇപ്പോൾ കണ്ടതെന്നും ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഒരു ശക്തിയും വ്യാമോഹിക്കേണ്ടെന്നും ക്രിമിനലുകളെ അവിടെ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശബരിമലയിൽ പോകാൻ എല്ലാവർക്കും അവകാശം നൽകുന്നതാണ് സുപ്രീംകോടതി വിധി. പോകുന്ന വിശ്വാസികളെ തടയാമെന്ന് ആരും കരുതേണ്ട. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലും വൈകിട്ട് പത്തനംതിട്ടയിൽ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലും ഗവൺമെന്റിന്റെ നിലപാട് തറപ്പിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി തന്ത്രിക്കും കൊട്ടാരത്തിനും എതിരെ ചരിത്രത്തിന്റെ മൂർച്ചയുള്ള പാഠങ്ങൾ നിരത്തി അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്.

മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടുന്ന താക്കോൽ വലിയ അധികാരമാണെന്ന് തന്ത്രിമാർ ധരിച്ചേക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഉത്തരേന്ത്യയിൽ പൂജാരിമാർ ബ്രഹ്മചാരികളാണ്. കല്യാണം പാടില്ല. ഇവിടുത്തെ തന്ത്രിമാർ ഗൃഹസ്ഥാശ്രമവും കടന്ന് വ്യഭിചാരത്തിലേക്ക് പോയതാണ് എറണാകുളത്തുണ്ടായത്. ഇതാെന്നും മറക്കരുത്. നട അടയ്ക്കലും തുറക്കലും തന്ത്രിമാരുടെ അവകാശമല്ല. അത് തീരുമാനിക്കുന്നത് ബോർഡാണ്. ബോർഡ് ജീവനക്കാർക്കൊപ്പമാണ് തന്ത്രി. രാജാക്കൻമാർ തമ്മിൽ യുദ്ധമുണ്ടായപ്പോൾ പാണ്ഡ്യരാജവംശം ആന്ധ്രയിൽ നിന്ന് കടന്നുവന്നു. അവർക്കൊപ്പം കുറെ ബ്രാഹ്മണരുമുണ്ടായിരുന്നു. അവരിൽപ്പെട്ടതാണ് താഴമൺ കുടുംബം. അവർ വിചാരിച്ചാൽ അമ്പലം അടഞ്ഞുപോകുമെന്ന് ധരിക്കരുത്. ഗുരുവായൂർ ക്ഷേത്രത്തിൽ അധഃസ്ഥിതരെയും പ്രവേശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ക്ഷേത്രം അടച്ചിട്ടവരാണ് പൂജാരിമാർ. വലിയ പ്രക്ഷോഭത്തിലൂടെയാണ് തുറന്നത്. ഇപ്പോൾ അവിടെ ഒരു പ്രശ്നവുമില്ല. മലബാറിലെ ലോകനാർകാവ് ക്ഷേത്രം പട്ടികജാതിക്കാർക്കും തുറന്നു കൊടുക്കാൻ തീരുമാനിച്ചപ്പോൾ തന്ത്രി ക്ഷേത്രം പൂട്ടിപ്പോയി. പക്ഷേ, ക്ഷേത്രം തുറന്നു. ആ തന്ത്രി എവിടെപ്പോയെന്ന് ആർക്കും അറിയില്ല.

പന്തളം രാജവംശം അസ്തമിച്ചു

പന്തളം രാജകുടുംബം ഒരു ഘട്ടത്തിലുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ശബരിമല എന്നത് വസ്തുതയാണ്. കടംകയറിയ രാജവംശം 1821ൽ അടുത്തൂൺ പറ്റി. രാജവംശം തിരുവിതാംകൂറിന്റെ ഭാഗവുമായി. ശബരിമലയിലെ നടവരവ് തിരുവിതാംകൂറിന് അവകാശപ്പെട്ടതായി. അമ്പലങ്ങൾ നടത്താനാണ് തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ രൂപീകരിച്ചത്. അതു മനസിലാക്കിയാൽ പന്തളം രാജകുടുംബത്തിനും കൊള്ളാം.

ദേവസ്വം ബോർഡും സൂക്ഷിക്കണം

ചിലരുടെ കോപ്രായങ്ങൾക്ക് നിന്നു കൊടുത്താൽ ദേവസ്വം ബാേർഡ് ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന്, ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായി പിണറായി പറഞ്ഞു. ഏതെങ്കിലും ഒരു റിപ്പോർട്ടുമായി ബോർഡ് സുപ്രീംകോടതിയിലേക്ക് പോയാൽ എന്താകുമെന്ന് പറയേണ്ടതില്ല. എടുത്തുചാടി വടികൊടുത്ത് അടി വാങ്ങരുത്. അവലോകന യോഗത്തിന് എത്തിയ ജീവനക്കാരികളുടെ പ്രായം പരിശോധിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഓൺലൈൻ ബുക്കിംഗ്

ശബരിമലയിൽ ദർശനത്തിന് തിരുപ്പതി മാതൃകയിൽ ഓൺലൈൻ ബുക്കിംഗ് നേരത്തേ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈനിൽ ബുക്ക് ചെയ്ത് എത്രയാളുകൾക്കും വന്ന് പോകാം. ഏറെ സമയം അവിടെ നിൽക്കാനാവില്ല. വന്നവർ സമയം കഴിഞ്ഞാലുടൻ ഒഴിഞ്ഞുപോകണം. ഇതിന് ഭക്തർ സഹകരിക്കണം.