panthalam-royal-family

ശബരിമല കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ യുവതികൾ ദർശനത്തിനെത്തിയപ്പോൾ ദേവസന്നിധി അശുദ്ധമാകുമെന്നും അപ്രകാരം സംഭവിച്ചാൽ ശബരിമല ക്ഷേത്രനട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്നും അപ്രകാരം താക്കോൽ ഏറ്റുവാങ്ങുന്നതിന് കവനന്റ് തങ്ങൾക്ക് അധികാരം നൽകുന്നുവെന്നും പന്തളം കൊട്ടാരം പ്രതിനിധി പ്രഖ്യാപിക്കുകയുണ്ടായി. എന്താണ് ഈ കവനന്റ്, എന്താണ് അതിന്റെ പ്രസക്തി എന്നിവ പരിശോധിക്കുകയാണിവിടെ.

കവനന്റ്

1949 മേയ് മാസം 27-ാം തീയതി തിരുവിതാംകൂർ മഹാരാജാവും കൊച്ചി രാജാവും ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധി ആയിരുന്ന വി.പി. മേനോനും ചേർന്ന് ഒപ്പിട്ട കരാർ അഥവാ പ്രമാണമാണ് കവനന്റ്. പ്രസ്തുത കവനന്റിന്റെ പകർപ്പ് കേരള നിയമസഭയുടെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കവനന്റിന്റെ 1-ാം അനുഛേദത്തിൽ പറയുന്നത് 1949 ജൂലായ് 1-ാം തീയതി മുതൽ കൊച്ചി സംസ്ഥാനവും തിരുവിതാംകൂറും ഒന്നിച്ച് ലയിച്ച് തിരുവിതാംകൂർ കൊച്ചി സംസ്ഥാനമായി അറിയപ്പെടുമെന്നും യോജിച്ച തിരുകൊച്ചിക്ക് പൊതുവായ ഭരണകൂടവും നിയമനിർമ്മാണസഭയും നീതിന്യായ സംവിധാനവും ഉണ്ടെന്നും വ്യക്തമാക്കുന്നു. അനുഛേദം 3 (സി)യിൽ പറയുന്നത് ഈ രണ്ട് സംസ്ഥാനങ്ങളുടെയും ആസ്തി ബാദ്ധ്യതകൾ പൊതുവായി തിരുകൊച്ചി സംസ്ഥാനത്തിന്റെ ആസ്തി ബാദ്ധ്യതയായി മാറുമെന്നാണ്. കവനന്റിൽ ആകെ 22 അനുഛേദങ്ങൾ ഉണ്ട്. അനുഛേദം 4ൽ തിരുകൊച്ചി സംസ്ഥാനത്തിന് പൊതുവായി ഒരു രാജപ്രമുഖൻ ഉണ്ടായിരിക്കുമെന്നും തിരുവിതാംകൂർ രാജാവാണ് അപ്രകാരം രാജപ്രമുഖനെന്നും വ്യക്തമാക്കുന്നു. അനുഛേദം 8 പ്രധാനപ്പെട്ടതാണ്. അനുഛേദം 8(എ) വ്യക്തമാക്കുന്നത് ഓരോ കൊല്ലവും തിരുവിതാംകൂർ സംസ്ഥാനം അൻപത് ലക്ഷം രൂപ ദേവസ്വം ഫണ്ടിലേക്ക് നൽകേണ്ടതുണ്ടെന്നും കൂടാതെ ഓരോ വർഷവും ഒരു ലക്ഷം രൂപ ശ്രീപണ്ടാരവകയായി നൽകണമെന്നും പ്രസ്തുത തുക കവനന്റ് നിലവിൽ വന്നശേഷം തിരുകൊച്ചി സംസ്ഥാനം പൊതുവായി നൽകണമെന്നുമാണ്. അനുഛേദം 8(ബി) യിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തും പണ്ടാരവക വസ്തുക്കളും ഓരോ വർഷം നൽകേണ്ട ഒരു ലക്ഷം രൂപയും കൈകാര്യം ചെയ്യാൻ തിരുവിതാംകൂർ രാജാവിനെ ചുമതലപ്പെടുത്തുകയും തിരുവിതാംകൂർ രാജാവ് 1949 ആഗസ്റ്റ് 1-ന് അകം ഒരു എക്സിക്യൂട്ടീവ് ഓഫീസറെ അതിനായി തന്റെ കീഴിൽ നിയമിക്കണമെന്ന് നിർദ്ദേശിക്കുന്നു. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം ഒഴിച്ചുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണവും കൈകാര്യവും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 1949 ആഗസ്റ്റ് 1 മുതൽ നിക്ഷിപ്തമായിരിക്കുമെന്ന് അനുഛേദം 8 (സി) വ്യക്തമാക്കുന്നു. കൊച്ചിയിലെ മറ്റു ക്ഷേത്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ഭരണവും കൈകാര്യവും കൊച്ചി ദേവസ്വം ബോർഡിലും നിക്ഷിപ്തമെന്ന് അനുഛേദം 8(ഡി) വ്യക്തമാക്കുന്നു.

അനുഛേദം 8(ഡി)യുടെ ഉപ അനുഛേദത്തിൽ തൃപ്പൂണിത്തുറ പൂർണ ത്രയിയ ക്ഷേത്രത്തിന്റെയും പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്റെയും ആചാര അനുഷ്ഠാനങ്ങൾ അതുപോലെ തുടരണമെന്നും അതുസംബന്ധിച്ച തീരുമാനം എടുക്കാൻ കൊച്ചി രാജാവിന് അധികാരം ഉണ്ടെന്നും പറയുന്നു. അനുഛേദം 8 (എച്ച്) പ്രധാനപ്പെട്ടതാണ്. ഈ കവനന്റ് പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ പുതിയ നിയമം അതിന്മേൽ നിർമ്മിക്കപ്പെടുന്നതോടെ ഇല്ലാതാവുന്നതാണ് എന്ന് വ്യക്തമാക്കുന്നു. പിന്നീട് തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർക്ക് അധികാരം നഷ്ടപ്പെട്ട് തിരുകൊച്ചി സംസ്ഥാന ജനകീയ മന്ത്രിസഭ പറവൂർ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടപ്പോൾ നിർമ്മിച്ച തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 ൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെയും പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്റെയും ആചാര അനുഷ്ഠാന കർമ്മങ്ങൾ സംബന്ധിച്ച നടപടി അതേപടി തുടരാനും സ്വത്തുക്കളുടെ ഭരണാവകാശം കൊച്ചി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാനും തീരുമാനിച്ചു. പിന്നീട് കേരള പിറവിക്കുശേഷം 1965-ലെ നിയമത്തിലുംഇത് തുടരുന്നു.

ഈ കവനന്റ് ഉണ്ടാക്കിയത് 1935-ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് വകുപ്പ് 6 പ്രകാരം ആണ്. പിന്നീട് 1947ൽ ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് നിലവിൽ വന്നപ്പോൾ 1935-ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് റദ്ദ് ചെയ്യപ്പെട്ടു. കവനന്റിന്റെ അനുഛേദം 8(സി)യും അനുഛേദം 8(ഡി)യും ഉപഅനുഛേദവും വ്യക്തമാക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും തൃപ്പൂണിത്തുറ പൂർണ ത്രയിയ ക്ഷേത്രത്തിന്റെയും പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച് മാത്രം തീരുമാനം എടുക്കാൻ കൊച്ചി രാജാവിനെയും തിരുവിതാംകൂർ രാജാവിനെയും ചുമതലപ്പുത്തിയിട്ടുള്ളത്. മറിച്ച് ക്ഷേത്ര സ്വത്തുക്കൾ, വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്കാണ് നൽകിയിട്ടുള്ളത്. പന്തളം രാജാവ് ഈ കവനന്റിൽ കക്ഷിയേയല്ല. കാരണം കവനന്റ് ഒപ്പിടുമ്പോൾ പന്തളം രാജാവിന്റെ കീഴിലെ ഭൂപ്രദേശങ്ങൾ തിരുവിതാംകൂർ രാജാവിന്റെ കൈവശമായിരുന്നു. മാത്രമല്ല, പന്തളം കൊട്ടാരത്തിന്റെ കീഴിൽ ഉണ്ടായിരുന്ന 48 ഓളം ക്ഷേത്രങ്ങളുടെ അധികാരം (ആചാര സ്വത്തവകാശം) സാമ്പത്തിക ബുദ്ധിമുട്ട് മൂലം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അതിൽ ഒരു ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. അക്കാലത്ത് ശബരിമല ക്ഷേത്രം ഇന്ന് കാണുന്ന പ്രസിദ്ധിയും വരുമാനവുമുള്ള ക്ഷേത്രം അല്ലാതിരുന്നതിനാൽ സ്വാഭാവികമായും കവനന്റിൽ ഉൾപ്പെടാതെ പോയി.

കവനന്റിന്റെ നിയമസാധുത

1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നതോടെ നാട്ടുരാജ്യങ്ങൾ ഇല്ലാതാവുകയും 1950ൽ ഭരണഘടന നിലവിൽ വന്നതോടെ ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാവുകയും ചെയ്തു. 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെ 1935 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ടും 1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടും അനുഛേദം 395 ലൂടെ റദ്ദാക്കുകയുണ്ടായി. അന്നു വരെ നാട്ടുരാജാക്കന്മാർ ഇന്ത്യൻ ഗവൺമെന്റുമായി ഉണ്ടാക്കിയ കരാറുകളും കവനന്റുകളഉം സ്വമേധയാ റദ്ദാക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ അനുഛേദം 291, 362 എന്നിവ പ്രകാരം അനുവദിച്ചിരുന്ന പ്രിവി പേഴ്സും, ആനുകൂല്യങ്ങളും മാത്രം ഭരണഘടന നിലനിർത്തി. മറ്റുള്ള എല്ലാ വ്യക്തിഗത കവനന്റുകളും കരാറുകളും ഭരണഘടന റദ്ദ് ചെയ്യുകയും ചെയ്തു. അതിനുവേണ്ടി അനുഛേദം 363 എഴുതിച്ചേർത്തു. അതായത് ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏതെങ്കിലും രാജാവോ ഭരണാധികാരിയോ ഇന്ത്യാ ഗവൺമെന്റുമായി ഉണ്ടാക്കിയ കവനന്റോ കരാറോ സംബന്ധിച്ച തർക്കങ്ങൾ ഒരു കോടതിയും പരിഗണിക്കാൻ പാടില്ലെന്നാണ്. അതായത് അത്തരം കവനന്റുകളും കരാറുകളും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിർമ്മിക്കപ്പെട്ടതാണെന്നും ഭരണഘടന നിലവിൽ വന്ന ശേഷം അവയ്ക്കൊന്നും നിയമ സാധുത ഇല്ലെന്നും അവയൊന്നും കോടതിയിൽ സ്ഥാപിക്കപ്പെടാൻ അർഹത ഇല്ലാത്തവയുമാണെന്നുമാണ് അനുഛേദം 363 വ്യക്തമാക്കുന്നത്. എന്നാൽ മഹാരാജാക്കന്മാർക്ക് അധികാരം നഷ്ടപ്പെട്ടതിനാൽ ഭരണഘടന അവർക്ക് മാന്യവും അർഹവുമായ സ്ഥാനം നൽകുന്നതിനായി പ്രിവി പേഴ്സും ചില ആനുകൂല്യങ്ങളും അനുഛേദം 291,362 ലും നിലനിർത്തി. എന്നാൽ 1971 ലെ 26-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി അനുഛേദം 291, 362 റദ്ദാക്കുകയാണ് ചെയ്തത്. പ്രസ്തുത ഭേദഗതി കോടതിയിൽ ചോദ്യം ചെയ്തെങ്കിലും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 1993 ൽ ശ്രീ രഘുനാഥറാവു ഗണപത റാവു കേസിൽ ഭരണഘടനാ ഭേദഗതി ശരിവയ്ക്കുകയാണ് ചെയ്തത്.

തന്മൂലം രാജാക്കന്മാർക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രിവി പേഴ്സും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയും ചെയ്തു. ചുരുക്കത്തിൽ രാജാക്കന്മാർക്ക് യാതൊരുവിധ അധികാരവും അവകാശവും ഭരണഘടന നിലനിർത്തിയിട്ടില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമാണ് അവ‌ർക്കും ഉള്ളത്.അതായത് ശബരിമല ക്ഷേത്രത്തിൽ സാധാരണ പൗരന് ലഭിക്കുന്ന ആരാധനാ സ്വാതന്ത്ര്യം മാത്രമാണ് പന്തളം രാജാവിനും ഭരണഘടന നൽകുന്നത്. മുകളിൽ സൂചിപ്പിച്ച 1993 ലെ ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ 76-ാം ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു. ''ഭരണഘടന നിലവിൽ വന്ന ഉടൻ ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് യൂണിയൻ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ കരാറുകളും കവനന്റുകളും അവയിൽ വ്യക്തമാക്കിയിട്ടുള്ള അവകാശങ്ങളും വ്യവസ്ഥകളും ഇല്ലാതാക്കപ്പെടുകയും അവയൊന്നും തന്നെ സ്ഥാപിക്കപ്പെടാൻ യോഗ്യത ഇല്ലാതാവുകയുമാണ് ചെയ്തത്. കരാറുകൾക്കും കവനന്റുകൾക്കും യാതൊരു നിലനില്പും അവശേഷിക്കുന്നില്ല. കാരണം ഭരണഘടന നിലവിൽ വന്നാൽ ഭരണഘടന പ്രഖ്യാപിക്കുന്ന അവകാശങ്ങൾക്കും കടമകൾക്കും മാത്രമേ പ്രസക്തിയുള്ളൂ. ഇത്തരം കവനന്റുകളുടെയും കരാറുകളുടെയും വ്യവസ്ഥകളെയും അവകാശങ്ങളെയും ഭരണഘടന സംരക്ഷിക്കുന്നില്ലെന്നതാണ് വസ്തുത."

ഇപ്രകാരമായിരിക്കെ, പന്തളം കൊട്ടാരം പ്രതിനിധിയും ക്ഷേത്ര തന്ത്രിയും ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തിൽ ഏല്പിക്കുമെന്ന് പറഞ്ഞത് ഭരണഘടനാലംഘനമാണ്. ക്ഷേത്രം പൂട്ടി താക്കോൽ എടുക്കുക എന്ന് പറ‌ഞ്ഞാൽ ക്ഷേത്രം നിലകൊള്ളുന്ന കെട്ടിടവും സ്ഥലവും കൈവശപ്പെടുത്തുക എന്നതാണ്. അതായത് ഭൂമിയിൽ നിൽക്കുന്ന കെട്ടിടം ഭൂമിയ്ക്ക് അവകാശപ്പെട്ടത് എന്നാണ് നിയമം പറയുന്നത്. അതൊരു സ്ഥാവര വസ്തുവാണ്. ശബരിമല ക്ഷേത്രത്തിന്റെ സ്ഥാവര വസ്തു കൈകാര്യം ചെയ്യാനുള്ള ഉടമസ്ഥതാവകാശം കവനന്റ് പ്രകാരവും തിരുവിതാംകൂർ ഹിന്ദു മതസ്ഥാപന നിയമപ്രകാരവും ദേവസ്വം ബോർഡ് നിയമപ്രകാരവും തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഇത്തരം നിയമ പ്രശ്നങ്ങൾ പഠിക്കാതെയും മനസിലാക്കാതെയും പഴയ ചില ധാരണകൾ വച്ച് അഭിപ്രായം പറയുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന തത്ത്വങ്ങൾക്കും നിയമ വാഴ്ചയ്ക്കും എതിരാണ് എന്ന് മനസിലാക്കുന്നത് ഉചിതമായിരിക്കും.