പാലോട് : ആദിവാസി മേഖലയിലെ വന്യജീവിശല്യം തടയാൻ വനംവകുപ്പ് ആവിഷ്കരിച്ച നടപടികൾ ഫലം കാണുന്നില്ലെന്ന് പരാതി. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, ഇടവം, കൊച്ചുവിള, പേത്തലകരിക്കകം ഞാറനീലി, ഇലവുപാലം എന്നിവിടങ്ങളിലെ താമസക്കാർ കാട്ടാനയെ പേടിച്ച് വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. ഇത് ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചു. ആക്രമണത്തിൽ നിരവധി പേരുടെ കൃഷിയിടങ്ങൾ പൂർണമായി നശിച്ചു. ഇയ്യക്കോട്, മുത്തിപ്പാറ, ചെന്നല്ലിമൂട്, കല്ലണ ഭാഗങ്ങളിലെ ചതുപ്പ് പ്രദേശങ്ങളാണ് ഒറ്റയാന്റെ താവളം. മയക്കുവെടി വച്ച് ഒറ്റയാനെ ഉൾക്കാട്ടിൽ കൊണ്ടുവിടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും തുരത്തി കാട്ടിൽ കയറ്റാമെന്നാണ് വനപാലകരുടെ നിലപാട്. ഇതനുസരിച്ച് വിരട്ടിയോടിക്കാൻ ശ്രമിച്ച നാട്ടുകാരെയും വനപാലകരെയും ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചത് സിഥിതിഗതികൾ രൂക്ഷമാക്കി.
മയക്കുവെടി ഉപേക്ഷിച്ചത് ദുരൂഹം
ഒറ്റയാനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം വനപാലകർ ഉപേക്ഷിച്ചത് ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു. മുമ്പ് മയക്കുവെടി വച്ച് കാട്ടിൽ വിട്ട ഒറ്റയാനാണ് വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. കൃഷിനാശം നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ച എം.എൽ.എ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. വാർഡ് മെമ്പർമാരായ ഇടിഞ്ഞാർ കുഞ്ഞുമോനും ഇടവം ഷാനവാസും വനപാലകരുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്.
പന്നിക്ക് പോറലേറ്റാലും പ്രതി ആദിവാസി
കാട്ടാന ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. ഇരുചക്രവാഹന യാത്രികരായ നിരവധി പേർ കാട്ടുപന്നിയുടെ കുത്തേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. ഇടിഞ്ഞാർ, ഞാറനീലി, കാട്ടിലക്കുഴി പ്രദേശങ്ങളിലാണ് കാട്ടുപന്നികൾ വിഹരിക്കുന്നത്. കർഷകരും കുടുംബശ്രീ യൂണിറ്റുകളും ഭീമമായ കടക്കെണിയിലാണ്. പന്നി കുത്തിയാൽ പേ വിഷത്തിനുള്ള കുത്തിവയ്പും ചികിത്സയുമാണ് നടത്തുക. കെണി വയ്ക്കാനോ വെടിവെച്ചിടാനോ നാട്ടുകാർക്ക് അനുവാദമില്ല. പന്നികൾക്ക് പോറലേറ്റാൽ പോലും കർഷകർക്കെതിരെ കേസെടുക്കുമെന്നാണ് വനംവകുപ്പിന്റെ ഭീഷണി.
തകിടം മറിഞ്ഞ സൗരോർജവേലി
വന്യജീവി ആക്രമണത്തിൽ നിന്ന് ആദിവാസികളെയും കൃഷിവിളകളെയും സംരക്ഷിക്കാൻ വനം മന്ത്രി ഇടപെട്ട് ആവിഷ്കരിച്ച ഫെൻസിംഗ്, ആനക്കിടങ്ങ് നിർമ്മാണം പാതിവഴിയിലാണ്. കരാറുകാരും റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് നടപടികൾ അനിശ്ചിതത്വത്തിലാക്കിയതെന്നാണ് ആരോപണം. പാലോട് റേഞ്ചിലെ പേത്തലകരിക്കകം,മ ങ്കയം തുടങ്ങിയ ഭാഗങ്ങളിൽ ആദ്യഘട്ടത്തിൽ സ്ഥാപിച്ച സൗരോർജ വേലി നിർമ്മാണം അശാസ്ത്രീയമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.