tourism

കോവളം: വിനോദസഞ്ചാരികളെ കോവളത്തേക്ക് ആകർഷിക്കാനും ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും വേണ്ടി ടൂറിസം വകുപ്പ് ആരംഭിച്ച കോവളത്തെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ നോക്കുകുത്തിയാകുന്നു. 15 വർഷം മുമ്പാണ് വിനോദസഞ്ചാരികൾക്ക് ഫെസിലിറ്റേഷൻ നൽകാനായി കോവളം പാലസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്റെ സമീപത്തായി സെന്റർ സ്ഥാപിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പ് നിർമ്മിച്ച ഫെസിലിറ്റേഷൻ സെന്റർ എവിടെയാണെന്നോ എന്തിനാണ് ഈ കെട്ടിടമെന്നോ സെന്റർ കൊണ്ടുള്ള ഗുണങ്ങളെന്തെന്നോ അന്വേഷിച്ച് വിനോദസഞ്ചാരികൾ ആരും ഇങ്ങോട്ട് വരാറില്ല. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിയമിതനായ ഇൻഫർമേഷൻ ട്രെയിനി സ്റ്റാഫാണ് സെന്റർ പ്രവർത്തിപ്പിക്കുന്നത്. ഗ്രോവ് ബീച്ച് ഉൾപ്പെടെയുള്ള പ്രധാന ബീച്ചുകളിൽ രാത്രി വെളിച്ചമില്ലാത്തതിനെതിരെയുള്ള പരാതിയുമായി ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പലതവണ സെന്ററിൽ എത്തിയെങ്കിലും മാനേജരെ കാണാൻ കഴിഞ്ഞില്ലത്രേ. വിദേശികളുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായി മാറേണ്ട ഫെസിലിറ്റേഷൻ സെന്ററാണ് അനാസ്ഥകാരണം പ്രയോജനപ്പെടാതെ പോയത്. അങ്ങനെ പല ടൂറിസം കേന്ദ്രങ്ങളിൽ വികസനങ്ങൾ നടക്കുമ്പോഴും കോവളത്ത് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളൊന്നും നടക്കാത്ത അവസ്ഥയായി. കൂടാതെ ഈ സെന്റർ ഒന്നു കണ്ടു പിടിക്കണമെങ്കിലും അല്പമൊന്ന് അലയേണ്ടിവരും. കാരണം ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററിന്റെ ബോർഡിൽ കാടുകയറിക്കഴിഞ്ഞു.

സെന്ററിന്റെ പിറകിൽ പാഴ്ച്ചെടികൾ വളർന്ന് പന്തലിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതായി ഹോട്ടൽ ജീവനക്കാർ പറയുന്നു.

കോവളം ബീച്ചിലെ എല്ലാ വിഷയങ്ങളിലും ഡെസ്റ്റിനേഷൻ മാനേജർ എന്ന നിലയിൽ ഇടപെടുന്നുണ്ട്. ഇതുപോലുള്ള ആരോപണം മുമ്പും ഞാൻ കേട്ടിട്ടുള്ളതാണ്. കോവളം ബീച്ചിലെ ഏതാനും വിഷയങ്ങളുമായി ബന്ധപ്പെട്ട് ഓഫീസുകളിൽ പോകുന്നതിനാലാണ് ചില സമയങ്ങളിൽ സെന്ററിൽ കാണാൻ സാധിക്കാത്തത് -- ബേബി ഷീജ, ടൂറിസം ഫെസിലിറ്റേഷൻ ഓഫീസർ, കോവളം.

പ്രവൃത്തി ദിവസങ്ങളിൽ മാനേജർ ഓഫീസിൽ ഉണ്ടായിരിക്കണം, ഇതാണ് വ്യവസ്ഥ. അനിൽ .വി.എസ് ഡെപൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ് ഡിവിഷൻ) ടൂറിസം വകുപ്പ്.