reghu

കാട്ടാക്കട: തന്റെ ഓരോ സൃഷ്ടികളിലൂടെയും വരകളുടെയും ശില്പങ്ങളുടെയും മായികലോകത്തേക്ക് കാഴ്ചക്കാരെ ആകർഷിക്കുകയാണ് കോട്ടൂർ രഘു എന്ന കലാകാരൻ. ഓലമറച്ച ചെറ്റക്കുടിലിൽ പ്രാരാബ്ദങ്ങളുടെ നടുവിൽ കഴിയുമ്പോഴും വരയെ മാത്രം സ്നേഹിച്ച് അതിനായി ജീവിതം ഉഴിഞ്ഞു വച്ചു. കൂലിപ്പണിക്കാരനായിരുന്ന കോട്ടൂർ തങ്കയ്യൻ - കമലമ്മ ദമ്പതികളുടെ നാലുമക്കളിൽ മൂത്തയാളാണ് രഘു. വരയോടുള്ള തന്റെ ആത്മാർത്ഥതയും അതിലെ സത്യവുമാണ് ജീവിതത്തിനു കുറച്ചെങ്കിലും നിറം പകരാൻ കഴിഞ്ഞതെന്ന പക്ഷക്കാരനാണ്. രാജ രവിവർമ്മ ഉൾപ്പെടെ സ്വദേശ-വിദേശ ചിത്രകാരൻമാരുടെ ചിത്രങ്ങൾ രഘുവിന്റെ കരവിരുതിൽ വീണ്ടും പിറവികൊണ്ടു.

തയ്യൽ കടയിൽ നിന്നു കളയുന്ന പാഴ് തുണി കൊണ്ട് കാൻവാസിൽ ഓരുക്കിയ അബ്ദുൾ കലാമിന്റേത് ഉൾപ്പടെയുള്ള രൂപങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചവയാണ്. ഇത്തരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ഭാര്യ പ്രീതി നടേശന്റെയും ഒരുമിച്ചുള്ള അപൂർവ ചിത്രവും ഉൾപ്പെടും. ഇതെല്ലാം ഗുരുവായ റിട്ട. ഡ്രോയിംഗ് അദ്ധ്യാപകൻ രാഘവൻ സാറിന്റെ അനുഗ്രഹമാണെന്ന് രഘു പറയുന്നു. രഘുവിന്റെ കഴിവുകൾ കണ്ടും കേട്ടുമറിഞ്ഞും ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വരകളെ സ്നേഹിച്ചു തുടങ്ങിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതാണ് രഘുവിന്റെ ജീവിതത്തിന് വഴിത്തിരിവാകുന്നത്. ഇവിടെ വച്ചാണ് പരുത്തിപ്പള്ളി സ്കൂളിലെ അദ്ധ്യാപകനായ രാഘവൻ സാറിനെ കാണുന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞ് രഘു സാറിന്റെ അടുക്കൽ എത്തിപ്പെടുകയായിരുന്നു. ചുറ്റുപാടുകൾ മനസിലാക്കിയ അദ്ദേഹം ഏഴാം ക്ലാസ് മുതൽ രഘുവിനെ വീട്ടിൽ നിറുത്തി പഠിപ്പിക്കുകയും പത്താംക്ലാസ് കഴിഞ്ഞ് ഒരു പരസ്യ കമ്പനിയിൽ എത്തിക്കുകയും ചെയ്തതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി.

പ്രാരാബ്ദങ്ങൾ ഏറിയതോടെ ജീവിത മാർഗം തേടി വിദേശത്ത് പോയെങ്കിലും രക്ഷയുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന പലരും പലവഴിക്ക് തിരിയുകയും, സുഹൃത്തുക്കളിൽ ചില ചിത്രകാരന്മാർ ഉയർച്ചയുടെ പടവുകൾ താണ്ടുമ്പോൾ ഈ കലാകാരന് ദുരിതങ്ങൾ മാത്രമായിരുന്നു മിച്ചം.

വരകൾക്കൊപ്പം ശില്പങ്ങളും നിർമ്മിക്കാൻ തുടങ്ങിയതോടെ ജീവിതം പച്ച പിടിച്ചുതുടങ്ങി. കള്ളിക്കാട് ശാഖയിലെ നാരായണ ഗുരുദേവന്റെ ശില്പവും ശിവാനന്ദ ആശ്രമത്തിലെ ശില്പങ്ങളും തുടങ്ങി നാട്ടിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും രഘുവിന്റെ സൃഷ്ടികൾ ധാരാളമുണ്ട്. ഇപ്പോൾ ക്രിസ്തുമസ് ചരിത്രവുമായി ബന്ധപ്പെട്ട ശില്പങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ്. കുറ്റിച്ചൽ പച്ചക്കാട് ടി.ആർ ഭവനിൽ താമസിക്കുന്ന ആൻപത്തിമൂന്നുകാരനായ രഘു സ്വന്തം നാട്ടുകാരിയായ ലതയെ സ്വന്തമാക്കിയത് പത്തു കൊല്ലത്തെ പ്രണയശേഷമാണ്. കു ബി. ഫാമിന് പഠിക്കുന്ന മൂത്ത മകൾ മീരയ്ക്ക് വരയ്ക്കാൻ കഴിവുണ്ടെങ്കിലും പാട്ടിനോടാണ്‌ താത്പര്യം. ഒൻപതാം ക്ലാസുകാരനായ രാവൻ ദേവിന് അച്ഛന്റെ പാത പിന്തുടരാനാണിഷ്ടം.