തിരുവനന്തപുരം :പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിയുടെ പേരിൽ ജനറൽ ആശുപത്രിയിൽ വെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വാർഡുകളിൽ കഴിയുന്നവർ കുടിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിയാതെ നെട്ടോട്ടമോടുകയാണ്. ആശുപത്രി അധികൃതർ വാട്ടർ അതോറിട്ടിയിൽ നിന്നും മറ്റ് സ്വകാര്യ ടാങ്കറുകളിലും ഇടയ്ക്കിടെ വെള്ളം എത്തിക്കാറുണ്ടെങ്കിലും ശാശ്വതപരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചില ദിവസങ്ങളിൽ രാത്രിയിൽ പൈപ്പിലൂടെ വെള്ളം വന്നെങ്കിലും നേരം പുലരുന്നതിനു മുമ്പ് അത് നിലച്ചതായി കൂട്ടിരിപ്പുകാർ പറയുന്നു. പല വാർഡുകളിലെയും നഴ്‌സുമാരും മറ്റു ജീവനക്കാരും വെള്ളം എത്തുന്ന അവസരങ്ങളിൽ രോഗികളോട് പാത്രങ്ങളിൽ നിറച്ചു വയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഓപ്പറേഷൻ തിയേറ്ററുകളും മറ്റ് അടിയന്തര സംവിധാനങ്ങളും ഉള്ള ആശുപത്രിയിൽ വെള്ളമില്ലാത്തത് ആശുപത്രി അധികൃതരെയും വലയ്ക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും ഗുരുതരാവസ്ഥയിലുള്ളവരും കിടക്കുന്ന ആശുപത്രിയോടാണ് വാട്ടർഅതോറിട്ടിയുടെ കടുത്ത അവഗണന. ശസ്ത്രക്രിയകൾക്ക് കൊണ്ടുപോകുന്ന രോഗികളെ ഇതിന് മുന്നോടിയായി കുളിപ്പിക്കാനും മറ്റും വെള്ളം കണ്ടെത്തേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാർ.

ഏക ആശ്രയം കുപ്പിവെള്ളം

ടാങ്കറുകളിലെത്തുന്ന വെള്ളം തികയാതെ വന്നതോടെ കുപ്പിവെള്ളമാണ് രോഗികളുടെ ഏക ആശ്രയം. ഡോക്ടർമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നഗരത്തിൽ ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ വാട്ടർ അതോറിട്ടി പൈപ്പിലൂടെയുള്ള ജലവിതരണം മാത്രമാണ് ഉള്ളത്. കുഴൽക്കിണറോ, മറ്റ് ബദൽ സംവിധാനങ്ങളോ ഇല്ലാത്തതും ഇത്തരം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.