തിരുവനന്തപുരം:ശബരിമല സമരത്തിനിടെ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചതും പരികർമ്മികൾ പതിനെട്ടാംപടിക്ക് കീഴിൽ സത്യാഗ്രഹം നടത്തിയതും സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള നീക്കങ്ങളായതിനാൽ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1949ലെ കവനന്റനുസരിച്ച് ക്ഷേത്രത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്. കവനന്റിൽ തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കേന്ദ്രസർക്കാർ പ്രതിനിധിയായി വി.പി. മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും തമ്മിലെ ലയനമാണ് അതിൽ ഒന്നാമത്തേത്. രണ്ടാമത്തേത് തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലും കൊച്ചിയിലെ ക്ഷേത്രങ്ങൾ കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരാനുള്ളതാണ്.തിരുവിതാംകൂർ ദേവസ്വംബോർഡ് രൂപീകരിക്കുമ്പോൾ 50ലക്ഷം രൂപ സർക്കാർ നൽകണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.പന്തളം രാജകുടുംബം ഇതിൽ കക്ഷിയായിരുന്നില്ല.കടക്കെണിയിൽ മുങ്ങി പന്തളം രാജ്യവും അവിടത്തെ ആദായങ്ങളും ശബരിമല നടവരവുമെല്ലാം നേരത്തേ തന്നെ തിരുവിതാംകൂറിന് അടിയറ വച്ചിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ട് മുതലേ ഇല്ലാതായി.
കവനന്റനുസരിച്ച് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തിരു-കൊച്ചി സംസ്ഥാനത്തിന്റേതായി. ഐക്യകേരളം വന്നപ്പോൾ കേരളത്തിന്റെ സ്വത്തായി. ഹിന്ദുക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വംബോർഡെന്ന സ്വതന്ത്രസ്ഥാപനമുണ്ടായി. അക്കാലം മുതൽ ശബരിമലക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വംബോർഡാണ്. തെറ്റായ അവകാശവാദങ്ങൾ ആരും ഉന്നയിക്കേണ്ട. ഉത്സവകാലത്തും മറ്റും പന്തളം രാജകുടുംബത്തിനുള്ള ചില ഉത്തരവാദിത്വങ്ങൾ ഇല്ലാതാക്കൽ സർക്കാരിന്റെ നയവുമല്ല.
തിരക്ക് കുറയ്ക്കാനാണ് എല്ലാ മാസവും അഞ്ച് ദിവസം നട തുറക്കാൻ ബോർഡ് തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്നേ തന്ത്രിക്ക് തീരുമാനിക്കാനാവൂ. ബോർഡ് ജീവനക്കാർക്കൊപ്പമാണ് തന്ത്രിയും. വിശ്വാസികളെ ക്ഷേത്രത്തിൽ കടത്താതിരിക്കലല്ല, അവർക്ക് സൗകര്യമൊരുക്കലാണ് ബോർഡിന്റെയും തന്ത്രിയുടെയും ഉത്തരവാദിത്വം.
സംഘപരിവാറിന്റെ പ്രക്ഷോഭ അജണ്ട നടക്കില്ല:മുഖ്യമന്ത്രി
തിരുവനന്തപുരം:ശബരിമലയുടെ പേരിൽ പ്രക്ഷോഭം കടുപ്പിച്ചു കളയാമെന്ന് വച്ചാൽ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല പവിത്രവും ശാന്തവുമായ സ്ഥലമാണ്. അത് തകർത്തേ അടങ്ങൂവെന്ന് വന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. അക്രമികൾക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമല്ല അത്. ഇപ്പോൾ ശബരിമലയെ കലാപഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. അതിന് ഗൂഢപദ്ധതികൾ തയ്യാറാക്കി. സർക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടഞ്ഞില്ല. പന്തൽ കെട്ടി സമരം ചെയ്‌തതിനെയും എതിർത്തില്ല. എന്നാൽ സമരക്കാരുടെ പരിശോധന കഴിഞ്ഞേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂ എന്ന സ്ഥിതി വന്നു. കോടതിവിധി അനുസരിച്ച് ദർശനത്തിനെത്തിയ ചില യുവതികളെ ആക്രമിച്ചു. ഭക്തരെയും മാദ്ധ്യമപ്രവർത്തകരെയും ആക്രമിച്ചു. തങ്ങൾ പറയുന്ന പോലെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കുമെന്ന നിലയായി. എല്ലാ മര്യാദകളും ലംഘിച്ച് സംഘപരിവാറുകാർ നിയമം കൈയിലെടുത്തപ്പോൾ ഭക്തർക്ക് സുരക്ഷ നൽകുകയാണ് പൊലീസ് ചെയ്‌തത്. സ്ത്രീകളെ തടഞ്ഞത് ഭക്തരാണെന്ന് സംഘപരിവാറുകാർ പറഞ്ഞെങ്കിലും നടന്നത് അതല്ല. സംഘപരിവാറിന്റെ അജൻഡയാണ് നടപ്പാക്കിയത്. വന്ന സ്ത്രീകളുടെ വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി അവരുടെ വീടാക്രമിക്കാൻ പദ്ധതിയിട്ടു. സ്ത്രീകളുടെ നീക്കങ്ങൾ അപ്പപ്പോൾ മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് എത്തിച്ചു. അയ്യപ്പഭക്തരെന്ന് തോന്നിപ്പിക്കുന്ന വേഷത്തിൽ ശബരിമലയിൽ എത്തണമെന്ന സംഘപരിവാറിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു.
പൊലീസിനെ വർഗീയവത്കരിക്കാൻ ശ്രമം
തിരുവനന്തപുരം:ശബരിമല വിധി പൊളിക്കാൻ വിധ്വംസക ശക്തികൾ എന്തും ചെയ്യുമെന്നതിന്റെ തെളിവാണ് പൊലീസിനെ വർഗീയവത്കരിക്കാനുള്ള സംഘപരിവാറിന്റെ ശ്രമമെന്നും ഇതിൽ പ്രതിപക്ഷനേതാവ് ഇതിൽ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന മികച്ച പൊലീസുദ്യോഗസ്ഥരെ പോലും ആക്രമിക്കാൻ ശ്രമമുണ്ടായി. പൊലീസിലെ വിശ്വാസികൾ വിശ്വാസത്തിനനുസരിച്ച് നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. പൊലീസിന്റെ അച്ചടക്കം തകർത്ത് വർഗീയ ചേരിതിരിവുണ്ടാക്കി കലാപമുണ്ടാക്കാനാണ് നോക്കിയത്. അയ്യപ്പവിശ്വാസിയായ ഒരു പൊലീസ് ഓഫീസർ ദർശനം നടത്തിയതിനെ ദുർവ്യാഖ്യാനം ചെയ്യാനും ശ്രമിച്ചു.ശബരിമലയിൽ ഇന്റലിജൻസിനോ പൊലീസിനോ വീഴ്ചയുണ്ടായിട്ടില്ല. പൊലീസ് തന്മയത്വത്തോടെ നീങ്ങിയില്ലായിരുന്നെങ്കിൽ അക്രമം കൂടിയേനെ. ശബരിമലയെ മുൻനിറുത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിച്ചത്. ജനങ്ങൾക്കിടയിൽ ചേരിതിരിവിന് ശ്രമിക്കുന്നത് ആരാണെന്ന് അവർക്കറിയാമെന്നും മുഖ്യമന്ത്രിക്കെതിരെ വർഗീയത ആരോപിച്ച മുല്ലപ്പള്ളിക്ക് മറുപടിയായി പിണറായി പറഞ്ഞു.