തിരുവനന്തപുരം: വിശ്വാസികളെ ക്രിമിനലുകളായി ചിത്രീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഭക്തരോടുള്ള പോരാട്ടമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നല്ല അന്തരീക്ഷമുണ്ടാക്കേണ്ട മുഖ്യമന്ത്രി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ ബി.ജെ.പിക്ക് രംഗത്തെത്താൻ അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്.
ശബരിമലയെ തകർക്കാനുള്ള രഹസ്യ അജൻഡയാണ് സർക്കാരിനുള്ളത്. സർക്കാർ നടപടികൾ ആചാരങ്ങൾ സംരക്ഷിക്കാനല്ല. ഹൈവേകളിലെ കള്ളുഷാപ്പ് നിരോധനം, കണ്ണൂർ മെഡിക്കൽ കോളേജ് ഫീസ് തിരികെന ൽകൽ, നഴ്സുമാരുടെ ശമ്പളവർദ്ധന എന്നീ ഉത്തരവുകളൊന്നും നടപ്പാക്കിയിട്ടില്ല. കള്ളുഷാപ്പുകൾ സംരക്ഷിക്കാൻ ഹൈവേകളുടെ പേരുമാറ്റുകയാണ് ചെയ്തത്. ശബരിമലയിലെ ഉത്തരവ് നടപ്പാക്കാൻ നവോത്ഥാനത്തെ കൂട്ടുപിടിക്കുന്ന മുഖ്യമന്ത്രി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പ്രക്ഷോഭം ഏതാണെന്ന് വ്യക്തമാക്കണം. ഏതുകാലത്തും നവോത്ഥാനപ്രക്ഷോഭങ്ങൾ നടത്തിയത് കോൺഗ്രസാണ്. കോൺഗ്രസ് നടത്തിയ നവോത്ഥാനപ്രക്ഷോഭങ്ങളുടെ പിതൃത്വം സി.പി.എം ഏറ്റെടുക്കേണ്ട.
സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാരിന് നിയമനിർമ്മാണം നടത്താമെന്നിരിക്കെ, ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ശബരിമലയിൽ ബി.ജെ.പി, ഹനുമാൻസേനാ പ്രവർത്തകരാണ് അക്രമം നടത്തിയത്. ശബരിമല ഉത്തരവിനെതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് പിന്നോട്ടുപോയിട്ടില്ല. പക്ഷേ, ബി.ജെ.പിക്ക് തുല്യമായ റോൾ എടുത്തില്ല.-കെ. സുധാകരൻ പറഞ്ഞു.
ശബരിമല ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നും വിശ്വാസികളുടെ പ്രക്ഷോഭം സർക്കാർ മുഖവിലയ്ക്കെടുക്കണമെന്നും വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പം കോൺഗ്രസ് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.