ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന അക്രമത്തിന് പിന്നാലെ രാത്രി 9ഓടെ മൂന്നംഗ സംഘം വനിതാ ഡോക്ടറുടെ റൂമിലെത്തി അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരും ജീവനക്കാരും ഇന്നലെ രാവിലെ 8 മുതൽ 10 വരെ മിന്നൽ പണിമുടക്ക് നടത്തി. തുടർച്ചയായ അക്രമസംഭവങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മിന്നൽ പണിമുടക്കിൽ രോഗികൾ വലഞ്ഞു. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെ ആവശ്യം. അ‌ഡ്വ.ബി. സത്യൻ എം.എൽ.എ,​ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആറ്റിങ്ങൽ എസ്.എച്ച്.ഒ ഒ.എസ്. സുനിൽ എന്നിവർ ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. അക്രമം തടയാൻ സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന് ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പു നൽകിയതായി ഡോക്ടർമാർ പറഞ്ഞു. മൂന്നംഗ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും എസ്.എച്ച്.ഒ അറിയിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കും സംരക്ഷണം ഉറപ്പാക്കുമെന്നും ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ബി. സത്യൻ എം.എൽ.എ പറഞ്ഞു.