നെടുമങ്ങാട്: വാഹനാപകടമുണ്ടായാലോ, മാല പറിച്ചാലോ, പാതിരാത്രി കള്ളൻ വാതിലിൽ മുട്ടിയാലോ നമ്മൾ ആദ്യംവിളിക്കുക ''100'' ലാവും. ബി.എസ്.എൻ.എല്ലിന്റെ ഈ സേവനം പ്രയോജനപ്പെടാത്തവർ വിരളമായിരിക്കും. എന്നാൽ, നാട്ടിൻപുറങ്ങളിൽ അടിയന്തര സേവനത്തിന്റെ ആവശ്യമില്ലെന്നാണ് ബന്ധപ്പെട്ടവരുടെ പക്ഷം. ഒരു മാസത്തിലേറെയായി തലസ്ഥാന ജില്ലയിലെ നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല മേഖലകളിൽ നിന്ന് 100ൽ വിളിച്ചാൽ കിട്ടില്ല. മൊബൈൽ ഫോണുമായി തലസ്ഥാന നഗരത്തിൽ എത്തി വിളിച്ചാൽ സേവനം ഉറപ്പ്. ലാന്റ് ഫോണിലും പട്ടണ പ്രദേശത്തുകാർക്കും മാത്രമേ 100 കിട്ടുകയുള്ളു. നാട്ടിൻപുറത്തുകാർക്ക് സേവനം നിഷേധിക്കാനുള്ള കാരണം വിചിത്രവും ഒപ്പം രസകരവുമാണ്. ഉന്നതരുടെ നിർദ്ദേശ പ്രകാരം 112 എന്ന കോഡ് കൂടി 100 നൊപ്പം 0471-2422000 എന്ന ബി.എസ്.എൻ.എൽ നമ്പരിലേയ്ക്ക് പ്രോഗ്രാം ചെയ്തത്രേ. ഈ നമ്പർ ഇരിക്കുന്നത് മംഗലാപുരം പൊലീസ് സ്റ്റേഷനിലാണ്. പുതിയ കോഡ് സ്റ്റേഷൻ നമ്പരുമായി പ്രോഗ്രാം ചെയ്തതോടെ ധാരാളം വിളികൾ വരാൻ തുടങ്ങി. പട്ടണപ്രദേശത്ത് 100നും 112നും പ്രത്യേകം നമ്പരുകൾ ബി.എസ്.എൻ.എൽ വച്ചിട്ടുള്ളതിനാൽ നഗരവാസികൾക്ക് അടിയന്തര സേവനത്തിൽ മുടക്കം വന്നിട്ടില്ല.