img32

നെയ്യാറ്റിൻകര:ഉയർന്ന പലിശ നൽകാമെന്ന് മോഹിപ്പിച്ച് നിക്ഷേപകരിൽ നിന്ന് 16 കോടിയിലെറെ രൂപ തട്ടിയെന്ന പരാതിയിൽ ചിട്ടിഫണ്ട് ഉടമ പിടിയിലായി.നെല്ലിമൂട് കുറ്റിത്താന്നി വല്ലകംനിന്ന വീട്ടിൽ രവി എന്ന രവീന്ദ്രൻ (58) ആണ് പിടിയിലായത്. നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പൊലീസിന് പരാതി ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വി.ആർ.എസ് .ചിട്ടിഫണ്ടിന്റെ ഉടമയാണ് നിക്ഷേപകരെ പറ്റിച്ചത് . മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഒരു ലക്ഷം രൂപമുതൽ അറുപതു ലക്ഷം വരെ നൽകിയതായി തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ പറയുന്നു. പണയം വാങ്ങി പണം നൽകിയവർക്കുപോലും പണം നൽകിയിട്ടും സ്വർണം തിരികെ നൽകിയിട്ടില്ല. 40 പേർക്ക് ഇത്തരത്തിൽ സ്വർണം തിരികെ കിട്ടാനുണ്ട്. നാട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയാണ് ചിട്ടിഫണ്ടിന്റെ തുടക്കം. 2017 സെപ്തംബർ വരെ കൃത്യമായി പലിശ നല്‍കിയിരുന്നു.പിന്നീട് പലിശ നല്‍കാതെ വന്നതോടെയാണ് നിക്ഷേപകരെത്തിയത്. തന്റെ സ്ഥാപനത്തിൽ നിന്ന് ഭീമമായ തുക പലിശയ്ക്ക് എടുത്തവർ തിരികെ നൽകാത്തതും നോട്ട് നിരോധനവുംമൂലം കൈയിലുണ്ടായിരുന്ന പണം മാറ്റിയെടുക്കാൻ കഴിയാത്തതാണ് പരാജയ കാരണമെന്ന് ഉടമ പറയുന്നു.