ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ വിളിച്ചു വരുത്തി ഏറ്റവും ഒടുവിൽ സന്യാസദീക്ഷ നൽകി അനുഗ്രഹിച്ച സ്വാമി ആനന്ദ തീർത്ഥർ സാമൂഹ്യ നവോത്ഥാനത്തിനായി പ്രവർത്തിച്ച സന്യാസി വര്യനാണെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജപയജ്ഞകമ്മിറ്റി കൺവീനറായ സ്വാമി വിശാലാനന്ദ. ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അനന്തഷേണായിയാണ് ഗുരുദേവ ശിഷ്യനായ ആനന്ദ തീർത്ഥരായി മാറിയത്. അദ്ദേഹം കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കൃപാലുവായിരുന്നു. സ്വാതന്ത്റ്യസമരത്തിൽ ആകൃഷ്ടനാവുകയും ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുക്കുകയും വെല്ലൂർ ജയിലിൽ തടവിൽ കഴിയുകയും ചെയ്തു. ആനന്ദതീർത്ഥരുടെ ജീവിതത്തിന് ദിശാബോധം നൽകിയത് ശ്രീനാരായണഗുരുവായിരുന്നു. ശിവഗിരിയിൽ എത്തിയതിന്റെ രണ്ടാംദിവസം ഉച്ചയ്ക്ക് സന്യാസദീക്ഷ നൽകാനുളള കർമ്മങ്ങൾ ആരംഭിച്ചു. ശയ്യാവലംബിയായിരുന്ന ഗുരുദേവനെ നാല് പേർ കട്ടിലിൽ എടുത്ത് ശാരദാക്ഷേത്രത്തിനു മുന്നിൽ കൊണ്ടുവന്നു. ഗുരുദേവൻ പേര് ചോദിച്ചു. അനന്തഷേണായി എന്നു പറഞ്ഞു. എന്നാൽ ആനന്ദതീർത്ഥർ എന്നിരിക്കട്ടെ എന്ന് ഗുരുദേവൻ കല്പിച്ചു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, തുഷാർവെളളാപ്പളളി, കെ.പത്മകുമാർ, സുഭാഷ് വാസു, സന്ദീപ് പച്ചയിൽ സിനിൽ മുണ്ടപ്പളളി, പി.സുന്ദരൻ, കാവേരി രാമചന്ദ്രൻ, അജി എസ്.ആർ.എം, ഡി.പ്രേംരാജ്, ആലുവിളഅജിത്ത്, ഗോപകുമാർ ചാത്തന്നൂർ, വിജീഷ്മേടയിൽ, സജി എസ്.ആർ.എം തുടങ്ങിയവർ സംബന്ധിച്ചു.
കോഴഞ്ചേരി യൂണിയൻ അഡ്മിനിസ്ട്രേറ്റർ കെ.പത്മകുമാർ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, സെക്രട്ടരി ബി.ബിജു, കൗൺസിലർ പി.പി.സുന്ദരേശൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ ഭാരവാഹികളും പ്രവർത്തകരും ഭക്തജനങ്ങളും ശിവഗിരിയിൽ എത്തി.
ഫോട്ടോ: ശിവഗിരിയിൽ നടന്നആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി വിശാലാനന്ദ സംസാരിക്കുന്നു. ആദംകോട് കെ.ഷാജി, ബി.ബിജു, പിറവന്തൂർഗോപാലകൃഷ്ണൻ, ടി.പി.സുന്ദരേശൻ, കെ.പത്മകുമാർ, സിനിൽമുണ്ടപ്പളളി, വിജീഷ് മേടയിൽ എന്നിവർ സമീപം.
ശിവഗിരിയിൽ ഇന്ന്:
രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് സാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മതിസമ്മേളനം.