watertank

മുടപുരം : അഴൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടിവെള്ള പദ്ധതി മുന്നൂറ്റി അൻപതില്പരം കുടുംബങ്ങൾക്ക് ആശ്വാസമാകുന്നു. കിണറുകളില്ലാത്ത ഏറെകുടുംബങ്ങളുള്ള രണ്ടാം വാർഡിലെ ജനങ്ങൾക്ക് സഹായമാണ് പുതിയ പദ്ധതി. അനേകവർഷങ്ങളായി കോളനി വാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായിരുന്നു. വാർഡ് മെമ്പർ സി. സുരയുടെ പരിശ്രമ ഫലമായാണ് രണ്ട് ഘട്ടമായി കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിണർ കുഴിക്കാനും ടാങ്ക് നിർമ്മിക്കുന്നതിനുമായി വലിയ വീട്ടിൽ ടി.കെ.കെ. നായരും പൊന്നമ്മ കെ. നായരും കൂടി രണ്ട് സെന്റ് സ്ഥലം പഞ്ചായത്തിന് സംഭാവനയായി നൽകിയിരുന്നു. 2003 ൽ അവിടെ പമ്പ് സെറ്റും ടാങ്കും നിർമ്മിച്ചെങ്കിലും അയ്യായിരം ലിറ്റർ വെള്ളം മാത്രമേ സംഭരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് 2016 - 18 വർഷങ്ങളിലെ ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി 9 .90 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ഇതേതുടർന്നാണ് ഇവിടെ പതിമൂവായിരം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന വാട്ടർ ടാങ്ക് സ്ഥാപിക്കുകയും ചുറ്റുമതിൽ നിർമ്മിച്ച് അനുബന്ധ പണികൾ നടത്തുകയും ചെയ്തത്. കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പും ടാപ്പുകളും സ്ഥാപിക്കുകയും ചെയ്തു. ഈ പദ്ധതിയാണ് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തത്.